തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം

court
court

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യാസൂത്രധാരന്റെ   ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയായ  നസ്റിനാണ് ജാമ്യം ലഭിച്ചത് . വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.

ഒന്‍പത് വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി. നാസറുൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ. കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായും കോടതി പറഞ്ഞിരുന്നു.

2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചായിരുന്നു കേസിലെ മുഖ്യപ്രതി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയത്.

പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഭീകരസംഘടനയില്‍ അംഗമായ എം.കെ. നാസറാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ട്. ആക്രമണത്തിന് നിയോഗിച്ച സംഘത്തെ നിയന്ത്രിച്ചിരുന്നത് നാസറാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈലുകളും സിമ്മുകളും ഒളിപ്പിച്ചത് ഇയാളാണെന്നും കോടതി കണ്ടെത്തിയിരുന്നു.

ഒന്നാംഘട്ട വിചാരണ നേരിട്ടവരില്‍ 13 പേരെ കോടതി ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തില്‍ 18 പേരെ വിട്ടയച്ചു. 2015-നുശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ നടത്തിയത്. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോവുകയും ആദ്യഘട്ട വിചാരണയ്ക്കുശേഷം അറസ്റ്റിലാവുകയും ചെയ്ത പ്രതികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ആക്രമണം നടന്ന് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിച്ചത്.

Tags