'ജനാധിപത്യ പ്രതിഷേധങ്ങളെ ബിജെപി എത്രമാത്രം ഭയക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത് ; സിജെപിയുടെ സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകള്‍ക്ക് എതിരെയുള്ള നടപടിയെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്

cjp


'ജനാധിപത്യ പ്രതിഷേധങ്ങളെ ബിജെപി എത്രമാത്രം ഭയക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ക്ക് എതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. ചോദ്യം ചെയ്യുന്ന യുവത്വം രാജ്യത്തിന്റെ പ്രതീക്ഷയും സെന്‍സര്‍ഷിപ്പ് ജനാധിപത്യത്തിന്റെ ശത്രുവുമാണെന്ന് റിയാസ് പറഞ്ഞു. 'കോക്രോച്ച് ജനതാ പാര്‍ട്ടി' എന്ന പേരിലുള്ള എക്സ് ഹാന്‍ഡില്‍ പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോയെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


'ജനാധിപത്യ പ്രതിഷേധങ്ങളെ ബിജെപി എത്രമാത്രം ഭയക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. രാജ്യത്ത് തൊഴിലില്ലായ്മയും മറ്റ് അവഗണനകളും കാരണം യുവജനങ്ങള്‍ എത്തിനില്‍ക്കുന്ന അരക്ഷിതാവസ്ഥയാണ് ഇത്തരമൊരു കൂട്ടായ്മയെ സൃഷ്ടിച്ചത്. നീറ്റ് പരീക്ഷ അട്ടിമറിക്കപ്പെട്ട സംഭവമായിരുന്നു ഇതിനുള്ള പെട്ടെന്നുള്ള കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ കൂട്ടായ്മയുടെ പ്രത്യയശാസ്ത്രവും പരിപാടിയും മറ്റും ഇതിനകം വ്യക്തമല്ലെങ്കിലും അവര്‍ നിലവില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രസക്തം തന്നെയാണ്', റിയാസ് പറഞ്ഞു.

സിജെപി സ്ഥാപകനായ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ അഭിജിത്ത് ദീപ്കെക്ക് എതിരെ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വധഭീഷണി ഇതിനോടകം ഉയര്‍ന്നിട്ടുണ്ടെന്നും വ്യത്യസ്ത ശബ്ദങ്ങളെ കേള്‍ക്കാനും വിമര്‍ശനങ്ങളെ സഹിക്കാനും കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണമായി വേണം സോഷ്യല്‍ മീഡിയയിലെ ഈ സെന്‍സര്‍ഷിപ്പ് നടപടിയെ കാണാനെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം ഒരു കുറ്റമല്ലെന്നും അനീതിയെ ചോദ്യം ചെയ്യല്‍ രാജ്യദ്രോഹമല്ലെന്നും രാജ്യം ഭരിക്കുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട്. യുവജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ ആ ശബ്ദത്തെ സൃഷ്ടിച്ച സാമൂഹ്യ സാഹചര്യം ഇല്ലാതാവുന്നില്ല. ജനാധിപത്യത്തിന്റെ ശക്തി വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളിലാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടുന്നതിലല്ല. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ജനാധിപത്യ വിശ്വാസി എന്ന നിലയില്‍ പ്രതിഷേധിക്കുന്നു', മുഹമ്മദ് റിയാസ് പറഞ്ഞു.

Tags