കോണ്‍ഗ്രസിലെ പുനഃസംഘടന എന്നാല്‍ ചേരി തിരിവിനുള്ള അവസരമല്ല; ചാണ്ടി ഉമ്മന്റെ മനസ് വിഷമിച്ചെങ്കിൽ അത് പരിഹരിക്കും; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

thiruvanchoor
thiruvanchoor

കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്ലാവർക്കും ചുമതലകള്‍ നല്‍കിയപ്പോൾ തനിക്ക് ചുമതലകൾ നൽകിയില്ലെന്ന ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യുടെ പരാതിയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചാണ്ടിയുമായി സ്ഥിരം സംസാരിക്കുന്ന ആളാണ് താന്‍. അദ്ദേഹത്തെപ്പോലുള്ള ഒരാളുടെ മനസിന് വിഷമം ഉണ്ടായെങ്കില്‍ വിഷയം പരിഹരിച്ചു തന്നെ മുന്നോട്ട് പോകുമെന്നും അതൃപ്തിക്ക് പിന്നില്‍ എന്തെന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കുമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

കോണ്‍ഗ്രസിലെ പുനഃസംഘടന എന്നാല്‍ ചേരി തിരിവിനുള്ള അവസരമല്ല. ഇത്തരം വിഷയങ്ങള്‍ പൊതു സംവാദത്തിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും പാര്‍ട്ടി പുനഃസംഘടന എന്നാല്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ കിട്ടുന്ന അവസരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാടായി കോളേജില്‍ ഡി.വൈഎഫ്.ഐ. പ്രവര്‍ത്തകരുടെ നിയമനത്തില്‍ എം.കെ രാഘവന്‍ എം.പിക്കുനേരെ ഉയര്‍ന്ന പ്രതിഷേധത്തിലും തിരുവഞ്ചൂര്‍ പ്രതികരിച്ചു. പൊതുസമൂഹത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്കുണ്ടാവുന്ന വിഷമമാണ് അദ്ദേഹത്തിന് ഉണ്ടായത്. സംസ്‌കാര സമ്പന്നമായ പെരുമാറ്റം പരസ്പരം വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags