തിരുവനന്തപുരത്ത് വീടിന്‍റെ ടെറസിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

A young woman was found hanging on the terrace of her house in Thiruvananthapuram
A young woman was found hanging on the terrace of her house in Thiruvananthapuram

വെഞ്ഞാറമൂട്: വീടിന്‍റെ ടെറസിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാലാംകോണം കൂത്തുപറമ്പ് ഗൗരിനന്ദനത്തില്‍ ബിജുവിന്റെ ഭാര്യ പ്രവീണയാണ് (34) മരിച്ചത്. ചിലരുടെ അപവാദ പ്രചാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വെഞ്ഞാറമൂട്ടിലെ കുടുംബ വീടിന്റെ ടെറസിലാണ്​ കമ്പിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു.

തിങ്കളാഴ്ച രാവിലെ ഗള്‍ഫിലുള്ള ഭര്‍ത്താവ് പല പ്രാവശ്യം ഫോണില്‍ വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ഭർതൃപിതാവിനെ വിവരം അറിയിച്ചു. അദ്ദേഹം വീട്ടിനുള്ളില്‍ നോക്കിയിട്ടും കാണാത്തതിനാല്‍ മുകളില്‍ കയറി നോക്കുമ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. അപവാദ പ്രചാരണം, ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കൽ, മോശം പെരുമാറ്റം എന്നിവക്കെതിരെ യുവതി ഒരാഴ്ച മുമ്പ് കൂത്ത്പറമ്പ് സ്വദേശിയായ ഒരാള്‍ക്കെതിരെയും പൊന്നമ്പി സ്വദേശിയായ ഒരാള്‍ക്കെതിരെയും വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി കാത്തിരിക്കുകയായിരുന്നു.

ഞായറാഴ്ച നാഗരുകുഴിക്ക് സമീപം വെച്ച് യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചിരുന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടർന്ന്, കുടുംബവീട്ടിലെത്തിയതിനുശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് നടപടികള്‍ക്കു ശേഷം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ 10ന് മുക്കുന്നൂരിലുള്ള കുടുംബ വീട്ടുവളപ്പില്‍ സംസ്കരിക്കും. പിതാവ്: വിക്രന്‍. മാതാവ്: പ്രഭ. മകൾ: ഗൗരി നന്ദന. 

Tags