തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നൂതന ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് ആരംഭിച്ചു ; അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന 4 ഓപ്പറേഷന്‍ തീയറ്ററുകള്‍

Advanced operation theater complex started at Thiruvananthapuram eye hospital; 4 operation theaters where organ transplants can be performed including
Advanced operation theater complex started at Thiruvananthapuram eye hospital; 4 operation theaters where organ transplants can be performed including

തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ (ആര്‍.ഐ.ഒ.) നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണാശുപത്രിയിലെ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഒരു കോടിയോളം രൂപ ചെലവഴിച്ചുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്‌സ് സജ്ജമാക്കിയിരിക്കുന്നത്. 4 ഓപ്പറേഷന്‍ തീയറ്ററുകളാണ് ഇവിടെയുള്ളത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാത്തരം നേത്ര ശസ്ത്രക്രിയകള്‍ക്കുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് സജ്ജമാക്കിയതിനാല്‍ കൂടുതല്‍ രോഗികള്‍ക്ക് ഒരേ ദിവസം ശസ്ത്രക്രിയകള്‍ നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക ഓപ്പറേഷന്‍ ടേബിളുകള്‍, അനസ്‌തേഷ്യ സംവിധാനങ്ങള്‍, പ്രൊസീജിയര്‍ റൂം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഡേ കെയര്‍ സര്‍ജറിയ്ക്ക് ആവശ്യമായ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. ഡേ കെയര്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് വേണ്ടി രണ്ട് ഡേ കെയര്‍ സര്‍ജറി വാര്‍ഡുകളും നാലാമത്തെ നിലയില്‍ ഒരുക്കിയിട്ടുണ്ട്. ഒരുവര്‍ഷം ഏകദേശം 10,000 ഓളം ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. സങ്കീര്‍ണമായ പല നേത്ര ശസ്ത്രക്രിയകളും വിട്രിയോറെറ്റിനല്‍ ശസ്ത്രക്രിയകളും ഇവിടെ ചെയ്യാന്‍ സാധിക്കും.

ദക്ഷിണേന്ത്യയില്‍ വിസ്മരിക്കാനാകാത്ത നേത്രരോഗ ചികിത്സാ കേന്ദ്രമാണ് തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രി. സംസ്ഥാനത്തെ ഏറ്റവും വലിയ ടെറിഷ്യറി കണ്ണാശുപത്രിയും ഏക റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയും കൂടിയാണിത്. എല്ലാത്തരം നേത്രരോഗങ്ങളും ചികിത്സിക്കാനും പരിശോധിക്കാനുമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാണ്. റെറ്റിന, കോര്‍ണിയ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ ഗ്ലോക്കോമ, കോങ്കണ്ണ്, കുഞ്ഞുങ്ങള്‍ക്ക് വരുന്ന രോഗങ്ങള്‍ എന്നിവ നിര്‍ണയിക്കാനുള്ള ക്ലിനിക്കുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 250 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുണ്ട്.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി പ്രതിദിനം 1200 ഓളം രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. പ്രതിവര്‍ഷം 4 ലക്ഷത്തിലധികം പേര്‍ക്കാണ് കണ്ണാശുപത്രി വെളിച്ചമാകുന്നതാണ്. 1905ല്‍ സ്ഥാപിതമായ കണ്ണാശുപത്രി 1951ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതോടെ കോളേജിന്റെ ഒഫ്ത്താല്‍മോളജി വിഭാഗമായി മാറി. 1995ല്‍ കണ്ണാശുപത്രി, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി അഥവാ ആര്‍.ഐ.ഒ. ആയി ഉയര്‍ത്തപ്പെട്ടു. സ്ഥല പരിമിതിയ്ക്ക് പരിഹാരമായി പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതാണ് ഇവിടത്തെ നേത്ര രോഗ അത്യാഹിത വിഭാഗം. അത്യാഹിത വിഭാഗത്തില്‍ സുസജ്ജമായ എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ മരണാനന്തര അവയവദാനത്തിലൂടെ ലഭ്യമാകുന്ന കണ്ണുകള്‍ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന നേത്ര ബാങ്കും സജ്ജമാണ്. കാഴ്ച പരിമിതര്‍ക്കുള്ള റീഹാബിലിറ്റേഷന്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. അങ്ങനെ നേത്രരോഗ ചികിത്സയുമായി ബന്ധപ്പെട്ട് വലിയൊരു ആശ്വാസ കേന്ദ്രമായി കണ്ണാശുപത്രി നിലകൊള്ളുന്നു.
 

Tags