ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മാവന്‍ കുറ്റംസമ്മതിച്ചു


തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ ജീവനോടെ കിണറ്റിലിടുകയായിരുന്നുവെന്നാണ് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാൽ കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇതോടെ കുറ്റം ഏല്‍ക്കുന്നതാണോയെന്ന സംശയത്തിലാണ് പൊലീസ്. ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കേസിൽ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതൽ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
രാവിലെ മുതലുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പൊലീസിനോട് തട്ടിക്കയറുന്ന അവസ്ഥ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് തന്നെ കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുവെന്ന മറുപടിയാണ് ഹരികുമാര്‍ നൽകിയത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചത്.

കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റില്‍ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തില്‍ വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്.
കുട്ടിയുടെ ശരീരത്തില്‍ മറ്റു മുറിവുകള്‍ ഒന്നും ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമായി അറിയാന്‍ കഴിയുളളൂവെന്നു പോലീസ് അറിയിച്ചു.