മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

muthalapozhi

മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പൊഴിയിലെ മണല്‍ നീക്കം ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ഏറ്റെടുക്കുകയും പണം അദാനി ഗ്രൂപ്പില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ് ആലോചനയിലുള്ളത്. 

കാലാവധി നീട്ടി നല്‍കിയിട്ടും മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂര്‍ത്തിയാക്കാന്‍ അദാനി ഗ്രൂപ്പിന് കഴിഞ്ഞില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയായി നിയമസഭയിലാണ് മുതലപ്പൊഴിയിലെ പുതിയ നീക്കം മന്ത്രി സജി ചെറിയാന്‍ വെളിപ്പെടുത്തിയത്. നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ മുതലപ്പൊഴിയിലെ മണല്‍ നീക്കം പൂര്‍ത്തിയാക്കുന്നതിനാല്‍ അദാനി ഗ്രൂപ്പിനെ ചുമതലയില്‍ നിന്ന് ഒഴിവാക്കും. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഡ്രഡ്ജിങ് നേരിട്ട് നടത്തി പണം അദാനി ഗ്രൂപ്പില്‍ നിന്ന് ഈടാക്കാനാണ് ആലോചന. പുതിയ പദ്ധതി സംബന്ധിച്ച് അദാനി ഗ്രൂപ്പ്, വിസില്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പടുത്തിയെന്നും സജി ചെറിയാന്‍ നിയമസഭയെ അറിയിച്ചു. പണം നല്‍കി ചുമതല ഒഴിയുന്നതിനോട് അദാനി ഗ്രൂപ്പ് അധികൃതര്‍ക്കും താല്പര്യമുണ്ടെന്നാണ് വിവരം.

Tags