തിരുവല്ല നഗരത്തിൽ നിർമ്മിച്ച ഷീ ലോഡ്ജ് കെട്ടിടം അനാഥമാകുന്നു

she lodge

തിരുവല്ല: തിരുവല്ല നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താവളം ഒരുക്കുന്നതിനായി അരക്കോടി രൂപ ചെലവഴിച്ച് നഗരസഭ നിർമ്മിച്ച ഷീ ലോഡ്ജ് കെട്ടിടം അനാഥമാകുന്നു. തിരുവല്ല വൈഎംസിഎ ജംഗ്ഷന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയിൽ രണ്ടു വർഷക്കാലം മുമ്പ് നിർമ്മിച്ച കെട്ടിടമാണ് നാശത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിടമാണിത്. 

2020 ഓഗസ്റ്റ് മാസം 13ന് നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 ഏപ്രിൽ 30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് നിർവഹിച്ചത്. ചുറ്റുമുതലോട് കൂടിയ കെട്ടിടത്തിൽ 6 മുറികളാണ്  ഉള്ളത്. ഉദ്ഘാടന ശേഷം അടഞ്ഞ പ്രധാന കവാടം പിന്നീട് ഇങ്ങോട്ട് ഒരിക്കൽ പോലും തുറന്നിട്ടില്ല. കെട്ടിടത്തിന്റെ അടിത്തറയുടെ നിർമ്മാണത്തിൽ അടക്കം നിരവധി അപാകതകൾ ഉണ്ടെന്ന് സാങ്കേതിക പരിജ്ഞാനമുള്ള പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. 

കെട്ടിടത്തിന്റെ അടിത്തറയുടെ ഉയരം വളരെ കുറവായതിനാൽ സെപ്റ്റിക് ടാങ്കിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥ ഉദ്ഘാടന ദിവസം തന്നെ സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ നടന്ന നവ കേരള സദസ്സിൽ കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് തിരുവല്ല വിജിലൻസ് കൗൺസിൽ നിവേദനം നൽകിയിരുന്നു. ഇതിൻറെ ഭാഗമായി നഗരസഭയിൽ നിന്നും ലഭിച്ച മറുപടി പത്തിൽ വൈദ്യുതി, ശുദ്ധജല കണക്ഷൻ ലഭിച്ചതായും ഉടൻ തന്നെ കെട്ടിടം പ്രവർത്തന ക്ഷമമാകും എന്നും പറഞ്ഞിരുന്നു. 

thiruvalla she lodge

അനാഥമായി കിടക്കുന്ന കെട്ടിടം ഇപ്പോൾ ഇഴ ജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആക്കി മാറ്റി കൊണ്ട് കെട്ടിടം ഉപയോഗ യോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കുവാൻ നഗരസഭ അധികൃതർ തയ്യാറാവണം എന്ന് ആവശ്യവും ഇതിനിടെ ഉയരുന്നുണ്ട്.  

അക്വാട്ടിക് അസോസിയേഷന്റെയും നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് പുഷ്പഗിരി റോഡിനോട് ചേർന്ന് 12 വർഷക്കാലം മുമ്പ് നിർമ്മിച്ച നീന്തൽകുളം ഉദ്ഘാടനം പോലും നിർവഹിക്കാനാവാതെ അനാഥമായി കിടക്കുകയാണ്. സമാനമായ അവസ്ഥയാണ് ഷീ ലോഡ്ജ് കെട്ടിടത്തിനും ഉണ്ടാവാൻ പോകുന്നത് എന്നതാണ് നാട്ടുകാരുടെ അഭിപ്രായം. അതേ സമയം കെട്ടിട നിർമ്മാണത്തിൽ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധന ആവശ്യമുണ്ടെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു.