ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പാളിനും വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം നല്‍കണം ; ഹൈക്കോടതി

SFI

ഗുരുദേവ കോളേജിലെ എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. കോളേജിനും പ്രിന്‍സിപ്പാള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. കോളേജ് പ്രിന്‍സിപ്പലിന്റെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
കോളേജില്‍ എസ്എഫ്‌ഐ ഹെല്‍പ് ഡസ്‌ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യുന്നതിലേക്കും സംഘര്‍ഷത്തിലേക്കുമെത്തിയത്. പുറത്ത് നിന്ന് എസ്എഫ്‌ഐ നേതാക്കള്‍ കോളേജില്‍ എത്തിയെന്നും ഇവര്‍ മര്‍ദിച്ചതെന്നുമാണ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറിന്റെ ആരോപണം.
പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവും ചികിത്സതേടിയിരുന്നു. അഭിനവിന്റെ ചെവിയുടെ കര്‍ണപടത്തിനാണ് പരിക്ക്. ഇരുകൂട്ടരുടെയും പരാതിയില്‍ പ്രിന്‍സിപ്പലിന് എതിരെയും, കണ്ടാല്‍ അറിയാവുന്ന 20 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും കൊയിലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രിന്‍സിപ്പലിന് എതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത് ഉന്തുംതള്ളിലും കലാശിച്ചു. അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം.

Tags