സിനിമാ സെറ്റിന്റെ അവശിഷ്ടം കരാറുകാർ കൂട്ടിയിട്ടു കത്തിച്ചു; പുക ശ്വസിച്ച് പ്രദേശവാസികളായ കുട്ടികൾക്ക് ശ്വാസ തടസ്സം..

movie set

കൊച്ചി: പൃഥ്വിരാജ് ചിത്രമായ ‘ഗുരുവായൂർ അമ്പലനടയിലി'ന്റെ ’ ചിത്രീകരണത്തിനായി ഏലൂരിൽ തയാറാക്കിയ സെറ്റ് പൊളിച്ചു മാറ്റിയതിന്റെ അവശിഷ്ടങ്ങൾ കരാറുകാർ കൂട്ടിയിട്ടു കത്തിച്ചതിന്റെ പുക ശ്വസിച്ച് കുട്ടികൾക്ക് ശ്വാസതടസ്സമുണ്ടായതായി പരാതി. പ്ലാസ്റ്റിക്, ഫൈബർ, മരത്തടി അടക്കമുള്ള വസ്തുക്കള്‍ കൂട്ടിയിട്ട ഏഴു മാലിന്യക്കൂനകളാണ് കത്തിച്ചത്. മാലിന്യങ്ങൾ കത്തിക്കുന്നത് നാട്ടുകാരിൽ ചിലർ വിലക്കിയിരുന്നെങ്കിലും കരാർ ജീവനക്കാർ അത് കേട്ടില്ലെന്നും ആക്ഷേപമുണ്ട്.

സെന്റ് ആൻസ് സ്‌കൂളിനടുത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇന്നലെ സ്കൂളിന് അവധി ആയിരുന്നു. സ്കൂളിനോട് ചേർന്ന മഠത്തിലുണ്ടായിരുന്നവർ കനത്ത പുകയിൽ വലഞ്ഞു. വിഷപ്പുക ഉയർന്നതോടെ പ്രദേശവാസികളായ കുട്ടികൾ അടക്കമുള്ള ചിലർക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫാക്ട്, തൃക്കാക്കര, പറവൂ‍ർ, ആലുവ, ഏലൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകൾ എത്തി രാത്രി വൈകിയാണ് തീ അണച്ചത്. 
 

നാട്ടുകാർ പരാതിപ്പെട്ടതനുസരിച്ചു നഗരസഭയുടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മാലിന്യം കത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. വാടകയ്ക്കെടുത്ത ഭൂമിയിലാണു‘ സിനിമാ ചിത്രീകരണത്തിനു സെറ്റിട്ടിരുന്നത്.

Tags