കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ല, മോദി ഗവണ്‍മെന്റ് പ്രത്യേക പകപോക്കലിന് ശ്രമിക്കുന്നു ; വിമര്‍ശനവുമായി മുഖ്യമന്ത്രി

pinarayi vijayan
pinarayi vijayan

കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിനൊപ്പമാണ് ബിജെപിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേരളത്തിന് മാത്രം സഹായമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ ദുരന്തമാണ് കേരളത്തിലുണ്ടായതെന്നും എന്നാല്‍ കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ദുരന്തവ്യാപ്തി കുറവായ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നവെന്നും കേരളം ഇന്ത്യയിലല്ലന്ന സ്ഥിതിയുണ്ടാക്കുന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിനൊപ്പമാണ് ബിജെപിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മോദി ഗവണ്‍മെന്റ് പ്രത്യേക പകപോക്കലിന് ശ്രമിക്കുന്നു. ബിജെപിക്ക് ഇവിടെ വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്ന് കരുതി ജനങ്ങളെ ശിക്ഷിക്കാന്‍ രാജ്യത്തിന്റെ അധികാരം ഉപയോഗിക്കുന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

നരേന്ദ്രമോദി സര്‍ക്കാര്‍ പത്ത് വര്‍ഷമായി കേരളത്തെ ശിക്ഷിക്കുന്നു. കേരളത്തെ ശിക്ഷിക്കാനായി ബിജെപി കേന്ദ്രത്തെ ഉപയോഗിക്കുന്നുവെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസിന്റെ ഇക്കാര്യത്തിലുളള സമീപനം എന്താണെന്നും ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് കേരളത്തിന് ഒപ്പം നില്‍ക്കേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. നാടിന്റെ താല്‍പര്യത്തിനൊപ്പം നില്‍ക്കാന്‍ നമുക്കാകണം.നാടിന്റെ പ്രശ്‌നങ്ങള്‍ ഒന്നിച്ച് ഉയര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്നും പിണറായി വിജയന്‍ ചോദിച്ചു.

കേരളം കണക്ക് നല്‍കിയില്ലെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 583 പേജുള്ള വിശദമായ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം. അതേക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വി മുരളീധരന്‍ പറഞ്ഞിരുന്നു. എത്ര തുക വേണ്ടി വരും എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ വകുപ്പിന്റെ കയ്യില്‍ പോലും കണക്കില്ലെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.

Tags