തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 535 കിലോ ക്ഷേത്രസ്വർണം മാർച്ചിൽ ബാങ്കിന് കൈമാറും


തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വർണം മാർച്ചിൽ ബാങ്കിന് കൈമാറും.സ്വര്‍ണം മാര്‍ച്ച് 10-ന് നിക്ഷേപ പദ്ധതിയില്‍ ബാങ്കിന് കൈമാറും. നഷ്ടത്തെത്തുടര്‍ന്ന് സ്വര്‍ണക്കടപ്പത്രപദ്ധതി നിര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എസ്.ബി.ഐ.യുമായി നേരത്തേ ധാരണയായതിനാല്‍ പദ്ധതിയില്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ തടസ്സമുണ്ടാകില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.
ക്ഷേത്രങ്ങളില്‍ നിത്യപൂജകള്‍ക്കോ മറ്റുചടങ്ങുകള്‍ക്കോ ഉപയോഗിക്കാത്ത 'സി' കാറ്റഗറിയിലുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണ ഉരുപ്പടികളാണ് എസ്.ബി.ഐ.യില്‍ നിക്ഷേപിക്കുന്നത്. ഇതിലൂടെ വര്‍ഷം 10 കോടി രൂപ പലിശയിനത്തില്‍ കിട്ടുമെന്നാണ് ബോര്‍ഡ് കണക്കാക്കുന്നത്.
ശബരിമലയിലെ സ്വര്‍ണം മാത്രമാണ് പരിശോധനയ്ക്ക് തലസ്ഥാനത്ത് ഇനിയെത്താനുള്ളത്. ഇതുകൂടിയെത്തിയാല്‍ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ഗ്രൂപ്പിലെ വലിയശാല സ്ട്രോങ് റൂമിലെത്തിച്ച് അന്തിമ പരിശോധനനടത്തി കൈമാറാനാണ് തീരുമാനം.
കേന്ദ്രസര്‍ക്കാരെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ നിക്ഷേപപദ്ധതി തുടരാനാകുമോയെന്ന് സംശയമുണ്ട്. കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വര്‍ണമോ വിപണിവിലയ്ക്ക് തുല്യമായ പണമോ തിരിച്ചുകിട്ടുന്നതായിരുന്നു നിക്ഷേപപദ്ധതി. എന്നാല്‍, സ്വര്‍ണവില ഉയരുന്നത് നഷ്ടമുണ്ടാക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായും നടയ്ക്കുവെച്ചതുമായ ആഭരണങ്ങളില്‍ ഏറിയപങ്കും വര്‍ഷങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കയാണ്. ഇതില്‍നിന്നാണ് ക്ഷേത്രോപയോഗത്തിനു വേണ്ടാത്ത 535 കിലോ നിക്ഷേപപദ്ധതിയിലേക്ക് മാറ്റുന്നത്.
ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകള്‍, ചെമ്പ്-ഓട്ടുപാത്രങ്ങള്‍ തുടങ്ങിയവ ലേലം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനുള്ള നടപടിയും ദേവസ്വംബോര്‍ഡ് ഉടന്‍ തുടങ്ങും. ഇവയുടെ കണക്കെടുപ്പും ഉടന്‍ പൂര്‍ത്തിയാക്കും