ക്രെഡിറ്റ് കാര്‍ഡ് പലിശ പരിധി നീക്കി സുപ്രിം കോടതി

suprem court
suprem court

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കിന്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നതാണ് വിധി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 

ക്രെഡിറ്റ് കാര്‍ഡ് പലിശാ പരിധി 30 ശതമാനമായി നിശ്ചയിച്ച നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രസല്‍ കമ്മിഷന്റെ (എന്‍സിഡിആര്‍സി) വിധിക്ക് എതിരെ വിവിധ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്. സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, സിറ്റിബാങ്ക്, അമേരിക്കന്‍ എക്‌സ്പ്രസ്, എച്ച്എസ്ബിസി എന്നീ ബാങ്കുകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. 2008-ലാണ് എന്‍സിഡിആര്‍സി ക്രെഡിറ്റ് കാര്‍ഡ് പലിശാ പരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്.

എന്‍സിഡിആര്‍സിയുടെ പരിധി കുറയ്ക്കല്‍ ക്രെഡിറ്റ് കാര്‍ഡ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ ചെലവുകളെ അവഗണിച്ചായിരുന്നു എന്ന് ബാങ്കുകള്‍ സുപ്രിം കോടതിയില്‍ വാദിച്ചു. വീഴ്ച വരുത്തുന്ന ഉപയോക്താക്കളില്‍ നിന്ന് മാത്രമാണ് പലിശ നിരക്ക് ഈടാക്കുന്നതെന്നും കൃത്യമായി പണമടയ്ക്കുന്നവര്‍ക്ക് 45 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് അനുവദിക്കുന്നുണ്ടെന്നും ബാങ്കുകള്‍ ചൂണ്ടിക്കാട്ടി.വിവിധ എന്‍ജിഒകളും വ്യക്തികളും സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിയിരുന്നു എന്‍സിഡിആര്‍സിയുടെ നടപടി. ബാങ്കുകളും നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും ഈടാക്കിവന്ന 49 ശതമാനം പലിശയില്‍ നിന്നാണ് നിരക്ക് 30 ശതമാനമാക്കി കുറച്ചത്. ഇത്തരം സ്ഥാപനങ്ങള്‍ അമിതമായ നിരക്കില്‍ പലിശ ഈടാക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനേയും ആര്‍ബിഐയേയും അന്ന് എന്‍സിഡിആര്‍ഡിസി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Tags