യൂജിസി അംഗീകാരം ഇല്ല; അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് വിദൂരവിദ്യാഭ്യാസ കോഴ്സ് പഠിച്ച വിദ്യാർഥികൾ സുപ്രീം കോടതിയിൽ

annamalai

കോട്ടയം: അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് 2015 മുതൽ 2022 വരെയുള്ള കാലയളവിൽ വിദൂരവിദ്യാഭ്യാസം വഴി ബിരുദ, ബിരുദാനന്തരബിരുദം നേടിയ വിദ്യാർഥികൾ നിയമപരിഹാരം തേടി സുപ്രിം കോടതിയിലേക്ക്. കേരളം, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള  വിദ്യാർഥികളുടെ കൂട്ടായ്മയിലെ നാലുപേരാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 

2015  മുതൽ 2022 അക്കാദമിക വർഷം വരെയുള്ള കാലത്ത് അണ്ണാമലൈ സർവകലാശാല നടത്തിയ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകളുടെ അംഗീകാരം യു.ജി.സി റദ്ദാക്കിയിരുന്നു. 2022 മാർച്ചിലാണ് യു. ജി. സി. ഇതു സംബന്ധിച്ച് പബ്ലിക് നോട്ടീസ് പുറത്തിറക്കിയത്. ഈ കാലയളവിൽ  കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

യു.ജി.സി. മാനദണ്ഡങ്ങൾ ലംഘിച്ച് കോഴ്സ് നടത്തിയെന്ന കാരണത്താലാണ് വിദൂര വിദ്യാഭ്യാസകോഴ്സുകളുടെ അംഗീകാരം യു.ജി.സി. റദ്ദാക്കിയത്. സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്ന നിലയ്ക്ക് അണ്ണാമലൈക്ക് തമിഴ്നാടിന് പുറത്ത് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് സ്റ്റഡി സെന്ററുകൾ നടത്താൻ അനുവാദമില്ല. എന്നാൽ 2015 -2022 കാലത്ത് സർവകലാശാല കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും സെന്ററുകൾ നടത്തിയിരുന്നു. ഇതു കൂടാതെ കോഴ്സ് നടത്തിപ്പിനെക്കുറിച്ച് നിരവധി പരാതികളും കിട്ടിയിരുന്നു. 

മദ്രാസ് ഹൈക്കോടതിയുടെ അനുമതി വാങ്ങിയാണ് അണ്ണാമലൈ സർവകലാശാല തമിഴ്നാടിന് പുറത്ത് സെന്ററുകൾ തുടങ്ങിയത്. എന്നാൽ യു.ജി.സി. ഇത് അംഗീകരിച്ചില്ല. ഇതോടെ സർവകലാശാല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2023 ജനുവരിയിൽ കോഴ്സുകൾക്ക് അംഗീകാരം നൽകണമെന്ന്  മദ്രാസ് ഹൈക്കോടതി വിധി വന്നു. എന്നാൽ യു.ജി.സി ഈ വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചു. ഇതോടെ കോഴ്സുകൾക്ക് അംഗീകാരം ആവശ്യപ്പെട്ട് വിദ്യാർഥികളും സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

യു.ജി.സി, അണ്ണാമലൈ സർവകലാശാല, തമിഴ്നാട് സർക്കാർ  എന്നിവരെ എതിർകക്ഷികളാക്കിയാണ് വിദ്യാർഥികൾ ഹർജി കൊടുത്തത്.  ജൂലായിൽ ഈ കേസ് സുപ്രിംകോടതി പരിഗണിക്കും.
എന്നാൽ 2023 ൽ അണ്ണാമലൈക്ക് എ പ്ലസ്ഗ്രേഡ് കിട്ടിയതോടെ 27 വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം നൽകുകയും ചെയ്തു.
സർവകലാശാലയുടെയും യു. ജി. സി.യുടെയും നിലപാട് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായതെന്ന് സുപ്രിം കോടതിയിൽ ഹർജി നൽകിയ തിരുവനന്തപുരം സ്വദേശി അമൽ ബി. ബാബു പറഞ്ഞു. 

2015-22 കാലത്ത് ഒരു തീരുമാനവുമെടുക്കാതെ യു.ജി.സി വർഷങ്ങൾ കഴിഞ്ഞ് അംഗീകാരം നിഷേധിച്ചത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് അവർ പറയുന്നു. ജോലിയിലിരിക്കുന്ന ഒട്ടേറെ പേരാണ് സ്ഥാനക്കയറ്റത്തിനും മറ്റുമായി അണ്ണാമലൈയിൽ പഠിച്ചത്. കേരളയും എം.ജി. യുമടക്കമുള്ള പല സർവകലാശാലകളും ഇക്കാലളവിലെ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നില്ലെന്നും ഇക്വലൻസി നൽകില്ല എന്ന് വിദ്യാർഥികൾ പറയുന്നു.

അതേസമയം യൂജിസി വെബ്സൈറ്റിൽ വിദൂര വിദ്യാഭ്യാസ ഡിഗ്രി അംഗീകരിക്കണമെന്നും, അത് വെബ്സൈറ്റിൽ പബ്ലിക് നോട്ടീസായി രേഖപെടുത്തണമെന്നുമാണ് വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെടുന്നത്.

Tags