കൊല്ലം ജില്ലയിൽ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കര്‍ശന നടപടി


കൊല്ലം : ജില്ലയില്‍ തെരുവുനായ ശല്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണനടപടികള്‍ ത്വരിതപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍കുമാര്‍ അധ്യക്ഷനായി. കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ നായകളെ പിടിച്ച് വാക്സിനേഷന്‍ ആരംഭിച്ചു. ബാക്കി നായകളെ കൂടി അടുത്തദിവസം പിടിച്ച് കുത്തിവെയ്പ് നല്‍കും. തെരുവുനായ ശല്യം കൂടുതലായുള്ള നെടുവത്തൂര്‍, കല്ലുവാതുക്കല്‍, തേവലക്കര ഉള്‍പ്പെടെയുള്ള ഹോട്ടസ്പോട്ടുകളില്‍ കുറഞ്ഞത് അഞ്ച് കൂടുകള്‍ സ്ഥാപിക്കുന്നതിന് നിര്‍ദേശം നല്‍കി. പട്ടിക്കൂട് ഇല്ലാത്ത പഞ്ചായത്തുകളില്‍ താത്ക്കാലികമായി കൊട്ടിയത്ത് മൃഗസംരക്ഷണ വകുപ്പിന്റെ അധീനതയിലുള്ള കൂടുകള്‍ നല്‍കാനും തീരുമാനമായി. പേ ബാധയേറ്റ നായകളെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. നിലവില്‍ കടിയേറ്റ ആരുടെയും സ്ഥിതി ഗുരുതരമല്ല. ആവശ്യമായ അളവില്‍ വാക്സിനേഷന്‍ ആശുപത്രികളില്‍ ലഭ്യമാണെന്നും യോഗത്തില്‍ അറിയിച്ചു.
തെരുവ് നായ ശല്യം: ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍
മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകുക. ഉടന്‍ തന്നെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തി വൈദ്യ സഹായം തേടുകയും പ്രതിരോധ കുത്തിവയ്പെടുക്കുകയും ചെയ്യുക. പേ വിഷ ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. മൃഗങ്ങളുടെ കടിയേറ്റാല്‍ പരമ്പരാഗത ഒറ്റമൂലിചികിത്സകള്‍ തേടരുത്. വളര്‍ത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുമ്പോള്‍ ഉണ്ടാകുന്ന ചെറിയ പോറലുകള്‍, മുറിവുകള്‍ എന്നിവ അവഗണിക്കരുത്. വളര്‍ത്തു മൃഗങ്ങള്‍ക്കു യഥാസമയം കുത്തി വയ്‌പ്പെടുക്കുക. മൃഗങ്ങള്‍ ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും അവയെ ശല്യപെടുത്തരുത്.
കുത്തിവയ്പ്പെടുത്ത മൃഗമാണ് കടിച്ചതെങ്കിലും അല്ലെങ്കിലും ഉടനടി വൈദ്യ സഹായം തേടേണം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് മൃഗങ്ങള്‍ കടിച്ചതെങ്കിലോ, കടിച്ച മൃഗത്തിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെങ്കിലോ, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തു പേ വിഷ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലോ പേ വിഷ ബാധയുണ്ടാകാന്‍ സാധ്യതയുള്ള മൃഗമാണ് കടിച്ചതെങ്കിലോ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകമായ വൈറസാണ് റാബിസ്. ഈ വൈറസ് മനുഷ്യരിലും മറ്റ് സസ്തനികളിലും രോഗബാധ ഉണ്ടാക്കുന്നു. ഈ വൈറസ് ശരീരത്തില്‍ കടന്നാല്‍ രണ്ട് മുതല്‍ മൂന്ന് മാസം കൊണ്ട് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
