തൊഴിലിടങ്ങളിലെ മാനസികസമ്മർദം പഠന വിധേയമാക്കും ; യുവജന കമ്മിഷൻ ചെയർമാൻ


കല്പറ്റ: തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന സമ്മർദം ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ അറിയിച്ചു . കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിലെ മാനസിക സമ്മർദവും ആത്മഹത്യാ പ്രവണതയും വിശകലനം ചെയ്യും.
തൊഴിൽ മേഖലയിൽ നേരിടുന്ന സമ്മർദം ലഘൂകരിക്കുകയാണ് പഠന ലക്ഷ്യം. ഐ.ടി., ടെക്‌സ്റ്റയിൽസ് തുടങ്ങി വിവിധങ്ങളായ മേഖലകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തുക. അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സൈക്കോളജി, സോഷ്യോളജി വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കും. 2025 ഏപ്രിലോടെ പഠനം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കമ്മിഷന്റെ നേതൃത്വത്തിൽ യുവജനതയുടെ മാനസിക- ആരോഗ്യ മേഖല സംബന്ധിച്ച് നടത്തിയ ഒന്നാംഘട്ട പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സംസ്ഥാനത്ത് അഞ്ച് വർഷത്തിനകം നടന്ന 895 ആത്മഹത്യാകേസുകളാണ് പഠനവിധേയമാക്കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുന്നൂറോളം എം.എസ്.ഡബ്ല്യൂ. വിദ്യാർഥികളാണ് പഠനത്തിന്റെ ഭാഗമായി പ്രവർത്തിച്ചത്.
