തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്വർണ്ണാഭരണങ്ങൾ റിസർവ്വ് ബാങ്കിൽ സൂക്ഷിക്കാൻ നടപടികൾ ആരംഭിച്ചു
ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന 535 കിലോ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ റിസർവ്വ് ബാങ്കിൽ സൂക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള വിവിധ ക്ഷേത്രങ്ങളിൽ ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണാഭരണകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുവാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
ക്ഷേത്രചടങ്ങുകൾ, ഉത്സവങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നതും പൗരാണിക മൂല്യമുള്ളതുമായ സ്വർണ്ണാഭരണങ്ങൾ ഒഴിച്ചുള്ളവയാണ് റിസർവ് ബാങ്കിൽ സൂക്ഷിക്കുക. ഗോൾഡ് മോണിറ്റൈസേഷൻ സ്ക്രീം പ്രകാരം ആണ് 21 സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന 535 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ കോടതിയുടെ അനുമതിയോടെ റിസർവ് ബാങ്കിലേക്ക് മാറ്റുക.
ലിസ്റ്റിൽ ഉൾപ്പെടുത്തിയ സ്വർണ്ണം ദേവസ്വം കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം വലിയശാലയിലെ പ്രധാന സ് ട്രോംഗ് റൂമിൽ എത്തിച്ച ശേഷം എസ്. ബി.ഐ ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈമാറും. 5 വർഷത്തേക്കുള്ള ഉടമ്പടി പ്രകാരം ഇത്തരത്തിൽ സ്വർണ്ണം സൂക്ഷിക്കുമ്പോൾ സുരക്ഷിതത്വത്തിനൊപ്പം 10 കോടി രൂപയോളം പലിശയിനത്തിൽ ബോർഡിന് ലഭിക്കുകയും ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ് പ്രശാന്ത് പറഞ്ഞു.