വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുത്; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാൻ ഉത്തരവിട്ട് സംസ്ഥാന വിവരാവകാശ കമ്മീഷന്‍

Hema Commission

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാൻ ഉത്തരവിട്ട് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ആർ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വെയ്ക്കരുതെന്നാണ് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവിട്ടിരിക്കുന്നത്.

നൽകാനാവാത്ത വിവരങ്ങൾ സെക്ഷൻ 10 A പ്രകാരം വേർതിരിച്ച് ബാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് നിർദേശം. ജൂലൈ 25 നകം റിപോർട്ട് അപേക്ഷകർക്ക് നൽകണമെന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. റിപോർട്ട് പുറത്ത് വിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ കമ്മീഷൻ വിമർശിച്ചു. മുൻ വിധിയോടെയാണ് സാംസ്കാരിക വകുപ്പ് വിവരങ്ങൾ നിഷേധിച്ചതെന്നും വിവരാവകാശ കമ്മീഷൻ ചൂണ്ടികാട്ടി.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്. 2017-ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 

എന്നാൽ റിപ്പോർട്ട് പുറത്തുവിടാതെ പൂഴ്ത്തിവെക്കാനായിരുന്നു സർക്കാറിൻ്റെ ശ്രമം. ഡബ്ല്യുസിസിയും വനിതാ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടിട്ടും സ്വകാര്യതാ പ്രശ്നം ഉയർത്തി സർക്കാർ ഒഴിഞ്ഞുമാറി. പല പ്രമുഖർക്കുമെതിരെ വരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയായിരുന്നു സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത്.