ആലപ്പുഴ എത്തിയിട്ട് ആറ് മാസം; കൊവിഡ് കാലത്ത് അനാഥരായ 293 കുട്ടികള്‍ ഉണ്ടായിരുന്നു; ഇന്ന് ഒരു കുട്ടിയുടെ പോലും പഠനം മുടങ്ങിയിട്ടില്ല; വി ആര്‍ കൃഷ്ണ തേജ

google news
v r krishna theja

കളക്ടറായി എത്തുമ്പോഴേക്കും ആലപ്പുഴക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ വിആര്‍ കൃഷ്ണ തേജ. ആലപ്പുഴ എത്തിയിട്ട് ആറ് മാസം പൂര്‍ത്തിയായി. കുറച്ച് കാലത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത് പോലെയുള്ള അനുഭൂതിയായിരുന്നു ആലപ്പുഴയില്‍ കളക്ടറായി വന്നപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

കൃഷണ തേജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കുറച്ച് കാലത്തിന് ശേഷം എന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത് പോലെയുള്ള അനുഭൂതിയായിരുന്നു ആലപ്പുഴയില്‍ കളക്ടറായി വന്നപ്പോള്‍ എനിക്ക് ഉണ്ടായത്. ഇന്ന് ഞാന്‍ ഇവിടെ എത്തിയിട്ട് ആറ് മാസം പൂര്‍ത്തിയായി.
തിരിഞ്ഞ് നോക്കുമ്പോള്‍ ഒരുപാട് സംതൃപ്തിയുണ്ട്. ആലപ്പുഴയില്‍ രണ്ട് വര്‍ഷക്കാലം സബ് കളക്ടറായി ജോലി ചെയ്തത് കൊണ്ടു തന്നെ കളക്ടറായി എത്തുമ്പോഴേക്കും ആലപ്പുഴക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അതൊക്കെയായും അതിവേഗം നടത്തിക്കൊടുക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
ഓരോ പദ്ധതിക്കും പ്രത്യേകം പ്രാധാന്യമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ ഏറ്റവും പ്രാധാന്യം നല്‍കിയത് കോവിഡ് കാലത്ത് അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായിരുന്നു.
പ്രത്യേകമായി നടത്തിയ അന്വേഷണത്തില്‍ കോവിഡ് കാലത്ത് മാതാപിതാക്കളില്‍ ഒരാളെയോ രണ്ടു പേരെയോ നഷ്ടമായ 293 കുട്ടികള്‍ നമ്മുടെ ജില്ലയില്‍ ഉണ്ടെന്ന് മനസിലായി. സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പുറമെയായി ഈ മക്കളെയൊക്കെ സംരക്ഷിക്കണം. ഇതിനായി ഒരുപാട് കഠിനാധ്വാനം ചെയ്തു.
ആറ് മാസങ്ങള്‍ക്ക് ശേഷം ഇന്ന് അവരില്‍ ഭുരിഭാഗം പേര്‍ക്കും അവരുടെ പഠനം പൂര്‍ത്തിയാകുന്നത് വരെയുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാനുള്ള സ്‌പോണ്‍സര്‍മാരെ കണ്ടെത്തി നല്‍കിയിട്ടുണ്ട്.
തീര്‍ച്ചയായും അങ്ങ് എല്ലാവരുടെയും സഹായം കൊണ്ട് മാത്രമാണ് ഇതെല്ലം നമുക്ക് സാധ്യമായത്.
ഇതുകൊണ്ടാണ് കോവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ രാജ്യത്തിന് തന്നെ ആലപ്പുഴ ജില്ല മാതൃക ആയതും. ഈ 293 പേരില്‍ ഇന്ന് ഒരു കുട്ടിയുടെ പോലും പഠനം മുടങ്ങിയിട്ടില്ല. ഈ മക്കള്‍ എല്ലാവരും നന്നായി പഠിച്ച് അവര്‍ ആഗ്രഹിക്കുന്ന മേഖലകളില്‍ മുന്നേറുമെന്ന് എനിക്ക് ഉറപ്പാണ്. നമ്മുടെ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും ഈ മക്കള്‍ക്ക് ഉണ്ടാകണം.

Tags