മാഹി ബൈപ്പാസിൽ സിഗ്നൽ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ചു
മയ്യഴി: മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂരിലെ ട്രാഫിക് സിഗ്‌നല്‍ ബാറ്ററികള്‍ മോഷണം പോയി . ഇരുവശത്തേക്കുമുള്ള സര്‍വീസ് റോഡുകളും സ്പിന്നിങ് മില്‍-മാഹി റോഡും അടച്ചു. അപകടങ്ങള്‍ ഒഴിവാക്കാനായാണ് റോഡുകള്‍ അടച്ചത്. ശനിയാഴ്ച രാത്രിയാണ് സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കേണ്ട എട്ട് ബാറ്ററികള്‍ മോഷണം പോയതെന്ന് സിഗ്നലിന്റെ ചുമതലയുള്ള കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു. സിഗ്‌നല്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ചൊക്ലി ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്കുള്ള ഗതാഗതം നിലയ്ക്കാന്‍ സാധ്യതയുണ്ട്.
മാഹി സി.ഐ. ആര്‍.ഷണ്‍മുഖം, പള്ളൂര്‍ എസ്.ഐ. സി.വി.റെനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം പരിശോധിച്ചു. സംഭവസ്ഥലം രമേശ് പറമ്പത്ത് എം.എല്‍.എ.യും സ്ഥലത്തെത്തി. ബാറ്ററികള്‍ കവര്‍ന്നവരെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു.
പെരിങ്ങാടി-ചൊക്ലി റൂട്ടില്‍ ഗതാഗതം തടസ്സപ്പെടും: ബൈപ്പാസില്‍ സിഗ്‌നലില്‍നിന്നുള്ള റോഡുകള്‍ അടച്ചതോടെ സ്പിന്നിങ് മില്‍ വഴി ചൊക്ലി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മാഹിപ്പാലം-പെരിങ്ങാടി വഴി ചൊക്ലിയിലേക്കുള്ള റോഡില്‍ മെക്കാഡം ടാറിങ് നടക്കുന്നതിനാല്‍ 16 മുതല്‍ 19 വരെ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.