കണ്ണൂരിൽ ഒന്നര വയസുകാരൻ മകനെ എറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യ ജീവനൊടുക്കാൻ ശ്രമിച്ചു


കണ്ണൂർ: കാമുകനൊപ്പം ജീവിക്കുന്നതിനായി ഒന്നരവയസുകാരൻ മകനെ പാറക്കൂട്ടത്തിൽ എറിഞ്ഞു കൊന്ന കേസിലെ പ്രതിയും അമ്മയുമായ കണ്ണൂർ തയ്യിൽ സ്വദേശിനി ശരണ്യ ജീവനൊടുക്കാൻ ശ്രമിച്ചു. കോഴിക്കോട്ടെ ലോഡ്ജില്‍ വച്ച് വിഷം കഴിച്ചാണ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കേസില്‍ ഇന്ന് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യാശ്രമം. ലോഡ്ജിൽ മുറിയെടുത്ത് വിഷം കഴിച്ചതിനു ശേഷം റെയിൽവെ സ്റ്റേഷനിലെത്തിയ ശരണ്യയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. റെയിൽവേ പൊലിസാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
2022 ഫെബ്രുവരിയിലാണ് ശരണ്യ ഒന്നര വയസുള്ള മകന്‍ വിയാനെ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊന്നുകളഞ്ഞത്. കാമുകനായ കണ്ണൂര്‍ വാരം പുന്നയ്ക്കല്‍ സ്വദേശി നിധിനൊപ്പം ജീവിക്കുന്നതിനായിട്ടായിരുന്നു ക്രൂരകൃത്യം. രാത്രിയില്‍ ശരണ്യയ്ക്കും ഭര്‍ത്താവ് പ്രണവിനുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്നു പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ശരണ്യയെ പ്രണയം നടിച്ച് നിധിന്‍ ചൂഷണം ചെയ്യുകയും ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. വായ്പ എടുക്കാനായി നിരന്തരം ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തു. ശരണ്യയെ കാണാനും പലപ്പോഴുമെത്തിയിരുന്നു. ഇതിനിടെയാണ് നിധിന് മറ്റൊരു പ്രണയമുണ്ടെന്നും ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ശരണ്യ അറിഞ്ഞത്. ഇതേ ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും കുഞ്ഞുള്ളതാണ് തടസമെന്നും പറഞ്ഞു. ഇതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാന്‍ ശരണ്യ തീരുമാനിച്ചത്. കേസിൽ പ്രതിയായതിനു ശേഷം ഏറെക്കാലം റിമാൻഡിൽ കഴിഞ്ഞ ശരണ്യ വീട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നു.
