സഹികെട്ട് പ്രവര്‍ത്തകര്‍ ഒന്നു പ്രതിരോധിച്ചാല്‍ അത് താങ്ങാനുള്ള കരുത്ത് എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ഇല്ല എന്നത് കേരളം കണ്ടതാണ് ; കെ സുധാകരന്‍


ജനാധിപത്യ രീതിയില്‍ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐയുടെ ഗുണ്ടാക്കൂട്ടത്തിനെ മാറ്റിയെടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ഡിസോണ്‍ കലോത്സവത്തെ തുടര്‍ന്നുള്ള അക്രമത്തില്‍ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യുവിനെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സഹികെട്ട് പ്രവര്‍ത്തകര്‍ ഒന്നു പ്രതിരോധിച്ചാല്‍ അത് താങ്ങാനുള്ള കരുത്ത് എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ഇല്ല എന്നത് കേരളം കണ്ടതാണെന്ന് സുധാകരന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐയുടെ ഗുണ്ടാക്കൂട്ടത്തിനെ മാറ്റിയെടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പിണറായി വിജയന്റെ എട്ടുകൊല്ലത്തെ ഭരണത്തില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രൂരമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സഹികെട്ട് പ്രവര്‍ത്തകര്‍ ഒന്നു പ്രതിരോധിച്ചാല്‍ അത് താങ്ങാനുള്ള കരുത്ത് എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ഇല്ല എന്നത് കേരളം കണ്ടതാണ്.
അക്രമമല്ല ഞങ്ങളുടെ ആശയവും നയവും നിലപാടും. ജനാധിപത്യ രീതിയില്‍ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐയുടെ ഗുണ്ടാക്കൂട്ടത്തിനെ മാറ്റിയെടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ട്.
പാലയാട് ക്യാമ്പസ്സിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ബിതുല്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ ഹോസ്റ്റലില്‍ വെച്ച് എസ്എഫ്ഐ- ഡിവൈഎഫ്ഐ ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ടിരുന്നു. ബിതുലിനെ ആശുപത്രിയിലെത്തി കണ്ടു. മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ ക്വട്ടേഷന്‍ ക്രിമിനലുകള്‍ അതിക്രൂരമായാണ് ബിതുലിനെ ആക്രമിച്ചത്. ഭരണത്തിന്റെ തണലില്‍ സംസ്ഥാനത്തൊട്ടാകെ അഴിഞ്ഞാടുന്ന ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്താന്‍ സിപിഎം തയ്യാറാകാത്ത പക്ഷം പ്രവര്‍ത്തകര്‍ക്ക് പ്രസ്ഥാനം തന്നെ പ്രതിരോധം തീര്‍ക്കും.
