യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് കോടതി
കേസില്‍ പ്രതികളായ അമല്‍, മിഥുന്‍,അലന്‍ വിധു എന്നിവരുടെ അറസ്റ്റ് ആണ് കോടതി തടഞ്ഞത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ഈ മാസം 17ന് കോടതി വാദം കേള്‍ക്കും.
കേസില്‍ പ്രതികളായ അമല്‍, മിഥുന്‍,അലന്‍ വിധു എന്നിവരുടെ അറസ്റ്റ് ആണ് കോടതി തടഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദനമേറ്റത്. എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദനമേറ്റ മുഹമ്മദ് അനസും.
പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മര്‍ദിച്ചുവെന്നുമാണ് മുഹമ്മദ് അനസിന്റെ പരാതി
എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേര്‍ക്കെതിരെയാണ് മുഹമ്മദ് അനസ് കന്റോന്‍മെന്റ് പൊലീസിന് പരാതി നല്‍കിയിരുന്നത്. യൂണിറ്റ് റൂമില്‍ എത്തിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്നാണ് പരാതി. കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവര്‍ മര്‍ദിച്ചിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു.