പാടത്തിറങ്ങേണ്ട.. ചെളിയിൽ ചവിട്ടേണ്ട..ഇനി വിത്ത് പറന്നു വിതയ്ക്കാം

drone

കുട്ടനാട്: മുട്ടോളം ചെളിയിൽ ഇറങ്ങി വിത്ത് വിതയ്ക്കുന്ന കാലം ഇല്ലാതാവുന്നു. ഇനി പാടത്തിറങ്ങേണ്ട.. ചെളിയിൽ ചവിട്ടേണ്ട.. പറന്നു വിതയ്ക്കാം. വിത്ത് വിതയ്ക്കാൻ ഡ്രോൺ സാങ്കേതികവിദ്യ സംസ്ഥാനത്ത് ആദ്യമായി പരീക്ഷിച്ചു. കുട്ടനാട്ടിലെ ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടത്താണ് പരീക്ഷണം നടന്നത്. മങ്കൊമ്പ് എം.എസ്. സ്വാമിനാഥൻ നെല്ലുഗവേഷണകേന്ദ്രവും കോട്ടയം കൃഷി വിജ്ഞാനകേന്ദ്രവുമായി സഹകരിച്ചായിരുന്നു വിത്തുവിത.

രണ്ടര മണിക്കൂർ കൊണ്ട് ഒരേക്കർ വിതച്ചിരുന്ന സ്ഥലത്ത് 20 മിനുട്ട് കൊണ്ട് ഡ്രോൺ ഉപയോഗിച്ച് വിതയ്ക്കാൻ സാധിക്കും. 40 കിലോയാണ് ഒരേക്കർ വിതയ്ക്കാൻ വേണ്ടത്. ഡ്രോണിന് 10 കിലോ വിത്ത് വഹിക്കാനുള്ള ശേഷിയാണ് ഉള്ളത്. സാധാരണ ഡ്രോണിൽ  സീഡ് ബ്രോഡ്കാസ്‌റ്റർ യൂണിറ്റ് ഘടിപ്പിച്ചാണ് വിതയ്ക്കുക.

കൃത്യമായ അകലത്തിൽ വിതയ്ക്കാം എന്നത് ഇതിൻ്റെ സവിശേഷത ആണ്. പാടത്ത് ഇറങ്ങേണ്ടി വരാത്തതിനാൽ വിത്ത് താഴ്ന്നു‌ പോകുകയോ പുളിപ്പ് ഇളകുകയോ ചെയ്യില്ല എന്നതും  ശ്രദ്ധേയമാണ്. കോട്ടയം കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി. ജയലക്‌ഷമി മങ്കൊമ്പ് എം.എസ്. സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രം മേധാവി ഡോ. എം. സുരേന്ദ്രൻ, ശാത്രജ്ഞരായ ഡോ. ജോബി ബാഡ്റ്റിൻ, ഡോ. നിമ്മിജോസ്, ഡോ. പി.എസ്. ബിന്ദു, ഡോ. ആഷ. വി. പിള്ള, ഡോ. മാനുവൽ അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി.

drone1

കർഷകർക്കും കർഷകസംഘങ്ങൾക്കും വിലക്കിഴിവോടെ ഇനി ഡ്രോൺ സ്വന്തമാക്കാം..ഡ്രോണിന് 10 ലക്ഷം രൂപയും സീഡ് ബ്രോഡ്കാസ്‌റ്റർ യൂണിറ്റിന് 1.10 ലക്ഷം രൂപയുമാണ് വില. ഡ്രോണുകൾ വിലക്കിഴിവോടെ കർഷകർക്കും പാടശേഖരസമിതികൾക്കും സ്വന്തമാക്കാം എന്ന് കൃഷി വിജ്ഞാനകേന്ദ്രം അധികൃതർ അറിയിച്ചു. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും സബ്സിഡിയുണ്ട്. ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.സി.സി.എ.) റിമോട്ട് പൈലറ്റ് ലൈസൻസ് കരസ്ഥമാക്കണം. കൃഷിവകുപ്പുമായി ബന്ധപ്പെട്ടാണ് അപേക്ഷകർ ലൈസൻസും പരിശീലനവും പൂർത്തിയാക്കേണ്ടത്.

കർഷകർക്ക് സംസ്ഥാന കൃഷിവകുപ്പിന്റെ കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയിലൂടെ (എസ്.ഡബ്ള്യു.എ.എം.) സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം. //agrimachinery.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. 40 മുതൽ 50 ശതമാനം വരെയാണ് സബ്സിഡി. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (എഫ്.പി.ഒ) ഡ്രോണുകൾ വാങ്ങാൻ അതത് ബ്ലോക്ക് കൃഷി അസി. ഡയറക്ടർക്ക് നിശ്ചിതഫോറത്തിൽ അപേക്ഷ നൽകണം. എഫ്.പി.ഒ.കൾക്ക് 80 ശതമാനം വരെയാണ് സബ്സിഡി.

രണ്ടര മണിക്കൂർ കൊണ്ട് ഒരേക്കർ വിതച്ചിരുന്ന സ്ഥലത്ത് 20 മിനുട്ട് കൊണ്ട് ഡ്രോൺ ഉപയോഗിച്ച് വിതയ്ക്കാൻ സാധിക്കും. 40 കിലോയാണ് ഒരേക്കർ വിതയ്ക്കാൻ വേണ്ടത്. ഡ്രോണിന് 10 കിലോ വിത്ത് വഹിക്കാനുള്ള ശേഷിയാണ് ഉള്ളത്. സാധാരണ ഡ്രോണിൽ  സീഡ് ബ്രോഡ്കാസ്‌റ്റർ യൂണിറ്റ് ഘടിപ്പിച്ചാണ് വിതയ്ക്കുക.