എസ്.സി.-എസ്.ടി ഇ-ഗ്രാന്റ് മുടങ്ങി, ഫീസ് അടയ്ക്കാനാവാത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നൽകുന്നില്ല

scholarship

കോഴിക്കോട്: എസ്.സി.-എസ്.ടി. വിദ്യാര്‍ഥികള്‍ക്കുള്ള ഇ-ഗ്രാന്റ് മുടങ്ങിയതിനാല്‍ പരീക്ഷാഫീസ് അടയ്ക്കാത്ത കുട്ടികള്‍ക്ക്  സര്‍ട്ടിഫിക്കറ്റും ടി.സി.യും നല്‍കാതെ അധികൃതര്‍. സ്‌കൂള്‍ കുട്ടികള്‍മുതല്‍ ഉന്നതപഠനം നടത്തുന്നവര്‍ക്കുവരെ ഇ-ഗ്രാന്റ് ലഭിക്കുന്നുണ്ട്. പരീക്ഷാഫീസ്, ട്യൂഷന്‍ഫീസ്, സ്പെഷ്യല്‍ഫീസ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇ-ഗ്രാന്റ്.

 വാര്‍ഷികവരുമാനം 2.5 ലക്ഷത്തിന് താഴെയാണെങ്കില്‍ എസ്.സി. വിദ്യാര്‍ഥികള്‍ക്ക് ഫീസിന്റെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവും നല്‍കും. 2.5 ലക്ഷത്തിന് മുകളിലാണെങ്കില്‍ മുഴുവന്‍ തുകയും സംസ്ഥാനമാണ് നല്‍കുന്നത്. കോഴ്സിനനുസരിച്ചാണ് തുക നല്‍കുന്നത്.

പ്രശ്‌നം കോഴ്സ് പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും ബാധിക്കുമെങ്കിലും നിലവില്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്ക് കീഴിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.നേരത്തേ അതത് കോളേജുകളുടെ അക്കൗണ്ടിലായിരുന്നു തുക വന്നിരുന്നത്. 2022 മുതല്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്കായി. ഒരുവര്‍ഷത്തെ തുക ഒന്നിച്ചാണ് ലഭിക്കുക.

ഫീസ് അടച്ചില്ലെങ്കിലും പരീക്ഷ എഴുതാന്‍ സമ്മതിക്കാറുണ്ട്. അത്തരത്തില്‍ പരീക്ഷ എഴുതി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഫീസ് അടയ്ക്കാത്തതിന്റെപേരില്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്നത്. ടി.സി. നല്‍കാനും പല സ്ഥാപനങ്ങളും തയ്യാറാകുന്നില്ല.ഫണ്ട് വന്നുതുടങ്ങിയെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും പട്ടികജാതി വികസനവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags