സന്നിധാനത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ദർശനത്തിൽ വർധന
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ഒഴുക്ക് വർധിച്ചതായി റിപ്പോർട്ട്. ആന്ധ്ര, കർണാടക തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ തീർത്ഥാടകരും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്.
പരീക്ഷാക്കാലമായതിനാൽ മലയാളി തീർത്ഥാടകരുടെ എണ്ണം കുറവാണ്. ഇന്നലെ 80,000 പേരാണ് ദർശനം നടത്തിയത്. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം മണ്ഡല-മകരവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച് സന്നിധാനത്ത് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനത്തിന് പര്യാപ്തമാണെന്നും സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയ സൗകര്യങ്ങൾ അഭിനന്ദനാർഹമാണെന്നും തമിഴ്‌നാട് മന്ത്രി പറഞ്ഞിരുന്നു. തമിഴ്‌നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് മന്ത്രി പി.കെ.ശേഖർബാബുവാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അഭിനന്ദിച്ചത്.