തന്റെ മരണസമയത്ത് ഇത്തരം കപടജീവികളെ മൊബൈലുമായി അടുപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു, സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുള്ള അതിക്രമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി ശ്രീകുമാരന്‍ തമ്പി
ചന്തുവിന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.
അന്തരിച്ച നടന്‍ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും യൂട്യൂബര്‍മാരും സൃഷ്ടിച്ച അതിക്രമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി. സംസ്‌കാര വേളയില്‍ മൊബൈല്‍ ക്യാമറകളുമായി ഇരച്ചുകയറിയവരോട് ചന്തു സലിം കുമാര്‍ പ്രതികരിച്ചിരുന്നു. ഈ സംഭവത്തില്‍ ചന്തുവിന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.
മനുഷ്യന്റെ ദുഃഖം വിറ്റു പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ 'സാഡിസ്റ്റുകള്‍' എന്ന് വിശേഷിപ്പിച്ച ശ്രീകുമാരന്‍ തമ്പി, തന്റെ മരണവീട്ടിലും ഇത്തരക്കാര്‍ വരുമെന്ന് തനിക്കറിയാമെന്നും എന്നാല്‍ അന്ന് എഴുന്നേറ്റ് നിന്ന് പ്രതികരിക്കാന്‍ കഴിയില്ലെന്നതിനാലാണ് ഇന്നുതന്നെ സംസാരിക്കുന്നതെന്നും വ്യക്തമാക്കി. 'പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ' എന്ന് താന്‍ ഇന്നുതന്നെ അവരോട് പറയുകയാണെന്നും, തന്റെ മരണസമയത്ത് ഇത്തരം കപടജീവികളെ മൊബൈലുമായി അടുപ്പിക്കരുതെന്ന് യഥാര്‍ത്ഥ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അനശ്വരനടന്‍ സലിം കുമാറിന്റെ സംസ്‌കാരവേളയില്‍ അദ്ദേഹത്തിന്റെ ആരാധകരെന്ന നാട്യത്തിലും മാധ്യമ പ്രവര്‍ത്തകരെന്ന ഭാവത്തിലും കയ്യില്‍ മൊബൈലുമായി വന്ന് ചില സാമൂഹികവിരുദ്ധര്‍ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്റെ ( സലിംകുമാറിന്റെ മൂത്ത പുത്രന്‍ ) അവസ്ഥ കണ്ട് എന്റെയും കണ്ണു നിറഞ്ഞു. എനിക്ക് തോന്നിയ അതേ വികാരം മനുഷ്യത്വമുള്ള എല്ലാ മലയാളികള്‍ക്കും ഉണ്ടായിക്കാണും. പരിസരബോധമില്ലാതെ ആരുടെയും ദുഃഖം വിറ്റു പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ എവിടെയും കാണാം. അതു മരണവീടായാല്‍ അവര്‍ക്ക് ഏറെ സന്തോഷം, ചൂടോടെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇട്ടാല്‍ കൂടുതല്‍ വ്യൂസ് കിട്ടുമല്ലോ. എന്റെ സംസ്‌കാരം നടക്കുന്ന സ്ഥലത്തും ഒരിക്കല്‍ ക്രൂരന്മാരായ ഈ സാഡിസ്റ്റുകള്‍ വരുമെന്ന് എനിക്കറിയാം. അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് 'പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ ' എന്നു പറയാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് ആ വാചകം ഇന്നു തന്നെ അവരോട് പറയുന്നു. എന്റെ മൃതദേഹത്തിനടുത്ത് ഇതു പോലുള്ള കപടജീവികള്‍ മൊബൈലുമായി വന്നു നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയെയും വികാരങ്ങളെയും അഭിമാനത്തെയും ഹനിക്കുന്ന ഈ ക്രിമിനല്‍ കുറ്റത്തിനെതിരെ ഐ റ്റി നിയമപ്രകാരം കേസെടുക്കാന്‍ സര്‍ക്കാരിനും ബാധ്യതയുണ്ട്. ആഭ്യന്തര വകുപ്പും പോലീസും ഇക്കാര്യത്തില്‍ മുന്നോട്ടു വരണം. പ്രശസ്തി ഒരു ദോഷവും ആരാധന ഒരു ശല്യവുമാകുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. പ്രശസ്തരും മനുഷ്യരാണ്. അവര്‍ക്കും കുടുംബമുണ്ട്. ആ കുടുംബത്തിന്റെ നാഥനായ, തന്റെ എല്ലാമെല്ലാമായ ഒരാള്‍ ചിതയില്‍ കത്തിയെരിയുമ്പോള്‍ ആ വേദന ഉള്ളിലൊതുക്കുകയും പെട്ടന്ന് പൊട്ടിക്കരയുകയും ചെയ്യുന്ന നല്ല സ്‌നേഹമുള്ള മക്കള്‍ അവര്‍ക്കുമുണ്ട്. ആ മക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കുമൊക്കെ വേണ്ടത് നിങ്ങളുടെ വൃത്തികെട്ട മൊബൈല്‍ കാമറാ കണ്ണുകളുടെ ഒപ്പിയെടുക്കല്‍ അല്ല. മനഃസമാധാനവും സ്വകാര്യതയും അല്പം കാരുണ്യവുമാണ്.
.jpg)

