അക്ഷരങ്ങളുടെ കുലപതിക്ക് വിട; സഫാരി സൈനുല്‍ ആബിദീന്‍

Safari Group Managing Director Zainul Abideen About MT
Safari Group Managing Director Zainul Abideen About MT

എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു എം.ടിയെന്ന മഹാ കുലപതിയെന്ന് സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുല്‍ ആബിദീന്‍. മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നുവെന്നും പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ  ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍ എന്നും അദ്ദേഹം പറഞ്ഞു.

'ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്‌ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. 

പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗൾഫിൽ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേൾക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു 

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ് 'എം ടി' എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടിയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു. ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം  തൊട്ടതെല്ലാം പൊന്നാക്കി. 

തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച  കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags