വിശുദ്ധി സേനയുടെ കരങ്ങളിൽ പവിത്രമീ ശബരിമല

Sabarimala in the hands of Vishudhi Sena
Sabarimala in the hands of Vishudhi Sena

ശബരിമല :  പവിത്രം ശബരിമലയെ ശുദ്ധിയോടെ ശുചീകരിച്ചു സംരക്ഷിക്കുന്നത്  വിശുദ്ധ സേനാംഗങ്ങൾ ആണ് സന്നിധാനം, പമ്പ ,നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി ആയിരം വിശുദ്ധി സേനാംഗങ്ങൾ ആണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് .

രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയും വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയും ആണ് സേനാംഗങ്ങൾ ശുചീകരണം നടത്തുന്നത്. സന്നിധാനത്ത് 300 സേനാംഗങ്ങൾ ആണ് വൃത്തിയാക്കുന്നത്.  ശുചീകരണ ഉപകരണങ്ങൾ, തിരിച്ചറിയൽ കാർഡ്,കയ്യുറകൾ, ജാക്കറ്റ്,  ഉൾപ്പെടെ   ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

അടൂർ ആർഡിഒ സെക്രട്ടറിയായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ  ഭാഗമായാണ് ഇവരുടെ പ്രവർത്തനം. ശബരിമല തീർത്ഥാടനത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ശബരിമല എഡിഎം വിശുദ്ധിസേനയുടെയും മേൽനോട്ടം നിർവഹിക്കുന്നു. ശബരിമല ഡ്യൂട്ടി മജിസ്ട്രേറ്റ്  മനോജിന്റെ നിയന്ത്രണത്തിലാണ് വിശുദ്ധി സേനയുടെ പ്രവർത്തനം .

 സ്വാമി അയ്യപ്പൻറെ പവിത്രമായ പൂങ്കാവനം വൃത്തിയോടെ കാത്തുസൂക്ഷിക്കുന്നതിൽ വിശുദ്ധി സേനയുടെപ്രവർത്തനം ഏറ്റവും മികച്ചതാണെന്ന് തീർത്ഥാടനത്തിന് എത്തുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരും വ്യക്തമാക്കുന്നു. 

ദിവസേന തീർത്ഥാടനത്തിന്  വരുന്ന 90000ത്തോളം അയ്യപ്പഭക്തർക്ക് വൃത്തിയുള്ള അന്തരീക്ഷത്തിൽ പതിനെട്ടാം പടി കയറാൻ അവസരം ഒരുക്കുന്നതും ഇവരുടെ സേവനമാണ്. സന്നിധാനം ,അപ്പാച്ചിമേട്, ശരംകുത്തി, സ്വാമി അയ്യപ്പൻ റോഡ് ,നടപ്പന്തൽ, തിരുമുറ്റം, ഭസ്മക്കുളം ,പാണ്ടിത്താവളം, ഗസ്റ്റ് ഹൗസ് , ബ്രയിലി ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് 17 സെഗ്മെന്റുകളിലായി സന്നിധാന പരിസരത്തും ശുചീകരണം നടത്തുന്നതെന്ന് സന്നിധാനംവിശുദ്ധി ടീം ലീഡറായ രാമലിംഗം പറഞ്ഞു സേലം മധുരൈ ,കള്ളൈകുറിച്ചി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് വിശുദ്ധി സേനയിൽ ഉള്ളത്.

ശേഖരിക്കുന്ന മാലിന്യങ്ങൾ അഞ്ച് ട്രാക്ടറുകളിലായി പാണ്ടിത്താവളം ഇൻസീനേറ്ററിൽ എത്തിച്ചാണ് സംസ്കരിക്കുന്നത്. 17 സെഗ്‌മെന്റുകളിലായി 17 സൂപ്പർവൈസർമാരും 5 ട്രാക്ടറുകളുടെ ഒരു സൂപ്പർവൈസറും ഉൾപ്പെടെ 18 സൂപ്പർവൈസർമാരെയും  നിയോഗിച്ചിട്ടുണ്ട് സേലം സ്വദേശി കെ രാജുവാണ് ആയിരം വിശുദ്ധി സേനാംഗങ്ങളുടെയും ലീഡർ. രാജു പമ്പ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സന്നിധാനം 300 പമ്പ 220 നിലക്കൽ 450 പന്തളം 30 എന്നിങ്ങനെയാണ് വിശുദ്ധ സേന പ്രവർത്തകരെ നിയോഗിച്ചിട്ടുള്ളത്. ഭക്തർ വിരിവെക്കുന്ന ഇടങ്ങളിലെല്ലാം സമയാസമയം  തന്നെ വൃത്തിയാക്കി ശുചീകരിക്കുന്നുണ്ടെന്ന് ടീം ലീഡർ പറഞ്ഞു.

Tags