പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ 4 പേര്‍ മരിച്ചു
പത്തനംതിട്ട : പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ 4 മരണം.ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി, ഈപ്പന്‍, അനു, നിഖില്‍ മാത്യു എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിലുണ്ടായിരുന്ന മകളെ എയര്‍പോര്‍ട്ടില്‍ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു. ഒരു കുടുംബത്തിലെ 4 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്.
ആന്ധ്രാ സ്വദേശികളായ തീര്‍ത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന 3 പേര്‍ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. 30 വയസ് പ്രായം തോന്നിക്കുന്ന യുവതി ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. നാട്ടുകാര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലുണ്ടായിരുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.