സംസ്ഥാനത്തെ റബ്ബർ കർഷകർ പ്രതിസന്ധിയിൽ : റബ്ബർ ഷീറ്റിനും ലാറ്റക്സിനും വില കുറയുന്നു

rubber sheet

പത്തനംതിട്ട: സംസ്ഥാനത്ത് റബ്ബർ കർഷകർ പ്രതിസന്ധിയിൽ . റബ്ബർ ഷീറ്റിനും ലാറ്റക്സിനും വില കുറയുന്നതും അസംസ്കൃത വസ്തുക്കളുടെ വില വർധിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ പരാതിയറിയിച്ചിട്ടും സർക്കാർ , നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് കർഷകരുടെ പരാതി.

ഏറ്റവും കൂടുതല്‍ ഉത്പാദനം നടക്കേണ്ട നവംബർ - ഡിസംബർ മാസങ്ങളിലാണ് സംസ്ഥാനത്തെ റബ്ബർ കർഷകർ വിലയിടിവിനെ തുടർന്ന് പ്രതിസന്ധി നേരിടുന്നത്. കോവിഡ് കാലത്ത് ലാറ്റക്സിസിന് 170 രൂപയായും ഷീറ്റിന് 165 രൂപയായും വില ഉയർന്നെങ്കിലും ഇപ്പോഴത് 92 രൂപയിലേക്കും 149 രൂപയിലേക്കും കൂപ്പുകുത്തി. അസംസ്കൃത വസ്ക്കുളുടെയും വളത്തിന്‍റെയും വില ഉയരുന്നതും ടാപ്പിംഗ് കൂലിക്കും മറ്റ് ചെലവുകള്‍ക്കും മാറ്റമില്ലാതെ തുടരുന്നതും കർഷകരുടെ പ്രതിസന്ധികള്‍ ഇരട്ടിയാക്കുന്നു.

റബ്ബർ മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതും ഉത്പാദന മേഖലയില്‍ ഇടനിലക്കാരുടെ ഇടപെടലുകള്‍ സജീവമായതും കോംപൌണ്ട് റബ്ബറിന്‍റെ ഇറക്കുമതി വർധിച്ചതുമെല്ലാമാണ് വിലയിടിവ് പ്രധാനകാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഏട്ട് ലക്ഷത്തോളം പേരുടെ ഉപജീവനമാർഗമായ റബ്ബർ മേഖലയിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സർക്കാരുകളോ റബ്ബർ ബോർഡോ തയ്യാറാവുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.

വിലയിടിവിനെ പിടിച്ച് നിർത്താന്‍ പ്രഖ്യാപിച്ച താങ്ങു വിലകളും സബ്സിഡികളും ഫലപ്രദമാകുന്നില്ലെന്ന് പറയുന്ന കർഷകർ വിഷയത്തില്‍ അടിയന്തര സർക്കാർ ഇടപെടല്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്. അനുകൂല നടപടകളുണ്ടാകുന്നില്ലെങ്കില്‍ റബ്ബർ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗങ്ങള്‍ മുന്നിലില്ലെന്നും കർഷകർ പറയുന്നു.

Share this story