കെഎസ് യു യൂണിറ്റ് പ്രസിഡന്റിനെ ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ് ചെയ്യണം; രമേശ് ചെന്നിത്തല
കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനെ ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവര്‍ക്കെതെരി ആള്‍ക്കൂട്ട ആക്രമണത്തിനും, കൊലപാതക ശ്രമത്തിനും കേസെടുക്കണം. തുടര്‍ച്ചായ ആക്രമണങ്ങളിലൂടെ ക്യാമ്പസുകളെ കുരുതിക്കളമാക്കാനുള്ള നീക്കമാണ് എസ്എഫ്ഐ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിലെ സംഘപരിവാരിന്റെ നേതൃത്വത്തില്‍ ആള്‍ക്കുട്ട ആക്രമണങ്ങളെപ്പോലും നാണിപ്പിക്കുന്ന വിധമാണ് കെഎസ് യു യൂണിറ്റ് സെക്രട്ടറി മുഹമ്മദ് റിബിനെ എസ്എഫ്ഐ ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഗുണ്ടകളുടേയുയം സാമൂഹ്യ വിരുദ്ധരുടേയും ഗ്യാങ്ങായി എസ്എഫ്ഐ മാറി. ക്യാമ്പസുകളില്‍ തുടര്‍ച്ചയായി കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെയും, യുഡിഎഫ് അനുകൂല വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയും എസ് എഫ് ഐ ക്രമിനലുകള്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുകയാണ്.
നിയമം നടപ്പിലാക്കേണ്ട പോലീസാകട്ടെ നിര്‍ഭാഗ്യവശാല്‍ ഈ ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്. ക്യാമ്പസുകളില്‍ അശാന്തി പുലര്‍ത്തുന്ന എസ് എഫ് ഐ ഗുണ്ടകളെ നിലക്കുനിറുത്താന്‍ സിപിഎം തയ്യാറാകണമെന്നും അല്ലെങ്കില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ നിന്നും എസ് എഫ് ഐ തുത്തെറിയപ്പെടുന്ന സാഹചര്യം വിദൂരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.