കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ യാത്രാനുഭവങ്ങളുമായി രാജേഷ് കൃഷ്ണ


കൊച്ചി: കാർ മാർഗം ലണ്ടൻ ടു കേരള യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എത്തുന്നു. 'യാത്ര കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും' എന്ന സെഷനിലാണ് സ്പീക്കർ ആയി പങ്കെടുക്കുന്നത്. മമ്മൂട്ടിയുടെ പുഴു, ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്നീ ചിത്രങ്ങളിലൂടെ സിനിമ നിർമ്മാണ രംഗത്തെത്തിയ രാജേഷ് യാത്രകളെ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടിയായ രാജേഷ് നടത്തിയ യാത്രകൾ ഒട്ടനവധിയാണ്.
തൻ്റെ ലണ്ടൻ ടു കേരള സോളോ യാത്രയിൽ പത്തൊൻപത് രാജ്യങ്ങളും 75 -ൽപ്പരം മഹാനഗരങ്ങളും 49 ദിവസങ്ങൾ കൊണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്തു. ഓരോ യാത്രയിലൂടെയും അനുഭവിച്ചറിഞ്ഞത് പ്രകൃതിയുടെ മനോഹര കാഴ്ച്ചകൾ മാത്രമല്ല, വിവിധ നാടുകളിലെ മനുഷ്യരുടെ പച്ചയായ ജീവിതവുമാണെന്ന് രാജേഷ് പറയുന്നു.ഓരോ യാത്രകളും സമ്മാനിക്കുന്നത് പുതിയ അറിവുകളും കാഴ്ച്ചപ്പാടുകളുമാണ്. നമ്മുടെ ചിന്തകൾക്ക് പുതിയമാനം നൽകുവാൻ യാത്രകൾക്കാകും എന്നും രാജേഷ് പറയുന്നു. മനസിൽ നൽകാവുന്ന ഏറ്റവും നല്ല ഔഷധമാണ് ഉല്ലാസയാത്രകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ നടത്തിയ മനോഹരയാത്രകൾ എല്ലാം ഉൾക്കൊള്ളിച്ച് വായനക്കാർക്ക് കുളിർമയേകുന്ന യാത്രാനുഭവം സമ്മാനിക്കുന്നതിനായി രാജേഷ് പുസ്തകവും പുറത്തിറക്കുന്നുണ്ട്. യാത്രകളിൽ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതങ്ങളും രാഷ്ട്രീയവും ഏകാനയാത്രയുടെ സൗന്ദര്യവും എല്ലാം ചർച്ച ചെയ്യുന്ന പുസ്തകത്തിന്റെ പ്രസാധകർ ഡി.സി ബുക്‌സാണ്. ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ വെച്ചാണ് നടക്കുന്നത്. യാത്ര കണ്ടറിഞ്ഞതും വായിച്ചറിഞ്ഞതും എന്ന സെഷനിൽ രാജേഷിനെ കൂടാതെ, സുജിത് ഭക്തൻ, ബാബു പണിക്കർ എന്നിവരും പങ്കെടുക്കും. ഹണി ഭാസ്‌കരനാണ് മോഡറേറ്റർ.