കനത്ത മഴ: റോസ്‌മല ​ഒറ്റപ്പെട്ടു , KSRTC ബസ് വനത്തിൽ കുടുങ്ങി

Heavy rains: Rosmala isolated, KSRTC bus stuck in forest
Heavy rains: Rosmala isolated, KSRTC bus stuck in forest

തെന്മല: കനത്ത മഴയിൽ  റോസ്‌മല ഗ്രാമം ഒറ്റപ്പെട്ടു. വ്യാഴാഴ്ച രാത്രിമുതൽ പെയ്ത മഴ വെള്ളിയാഴ്ച രാവിലെ ശക്തിയാർജിച്ചതോടെ ആര്യങ്കാവിൽനിന്ന് റോസ്‌മലയിലേക്കുള്ള പത്തുകിലോമീറ്റർ വനപാതയിൽ പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി.

പാതയിലെ മഞ്ഞത്തേരി, വിളക്കുമരം ചപ്പാത്തുകളിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെട്ടതോടെ ഗതാഗതം പൂർണമായും നിലച്ചു. വെള്ളിയാഴ്ച രാവിലെ 7.40-ന് റോസ്‌മലയിൽനിന്ന് ആര്യങ്കാവിലേക്കുവന്ന കെ.എസ്.ആർ.ടി.സി.ബസ് മഞ്ഞത്തേരി ചപ്പാത്ത് കടക്കാനാകാതെ അഞ്ചുമണിക്കൂർ വനത്തിൽ കുടുങ്ങി.

ചപ്പാത്ത് കുറുകേ കടക്കാനാകാതെ, പാതയുടെ ഇരുഭാഗങ്ങളിലുമായി ഒട്ടേറെ വാഹനങ്ങൾ നിർത്തിയിട്ടു. ബസിൽ റോസ്‌മലയിൽനിന്നുള്ള 15 വിദ്യാർഥികളുൾപ്പെടെ 27 പേരുണ്ടായിരുന്നു. ആര്യങ്കാവിൽ ബസ് എത്തിച്ചേരേണ്ട സമയമായിട്ടും വരാത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വനപാതയിൽ കുടുങ്ങിയതായി മനസ്സിലായത്.

ഇടുങ്ങിയ വഴിയായതിനാൽ ഭാഗത്ത് വാഹനങ്ങൾ തിരിക്കാനും കഴിഞ്ഞില്ല. അഞ്ചുമണിക്കൂറോളം കനത്ത മഴയും മഞ്ഞും അതിജീവിച്ചാണ് കുട്ടികളടക്കം ബസിൽ കഴിച്ചുകൂട്ടിയത്. പിന്നീട് ഉച്ചയ്ക്ക് വെള്ളമൊഴുക്ക് കുറഞ്ഞതോടെ വലിയ വാഹനങ്ങൾക്ക് പോകാനായി. സ്ഥിരമായി പോകുന്ന പാതയായതിനാൽ ആശങ്കയില്ലായിരുന്നെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാരായ മുരുകയ്യായും സജിമോനും പറയുന്നു.

Tags