രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത്, ഇന്ത്യന്‍ പാര്‍ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു പ്രസംഗം : വി മുരളീധരന്‍

v muralidharan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നും നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഷ്ട്രപതിയ്ക്കുള്ള നന്ദി അറിയിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഹിന്ദുക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടര്‍ച്ചയായി കള്ളങ്ങള്‍ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നല്‍കിയിരുന്നു. രാഹുലിന്റെ പരാമര്‍ശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളില്‍നിന്ന് പരാമര്‍ശം നീക്കിയത്. ഇവ കൂടാതെ ബിജെപി, ആര്‍എസ്എസ് എന്നിവര്‍ക്കെതിരായ പരാമര്‍ശങ്ങളും നീക്കി.

 പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇന്ന് മറുപടി പറയാനിരിക്കെയാണ് പരാമര്‍ശങ്ങള്‍ നീക്കിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയും അപമാനിച്ചെന്നും ഹിന്ദുക്കള്‍ അക്രമകാരികളാണെന്ന് പരാമര്‍ശം ഗുരുതരമാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു.

മതത്തെ അടച്ച് ആക്ഷേപിക്കുന്ന പ്രസംഗം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. പാര്‍ലമെന്റില്‍ മൈക്ക് ഓഫാകുന്നു എന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി ഇതുവരെ ആ സ്ഥാനത്ത് ഇരിക്കാത്തത് കൊണ്ടാകും. പാകിസ്ഥാന്‍ പ്രകോപന പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞില്ല. ചില കാര്യങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നാവ് ഇറങ്ങി പോകുന്നു.

സ്പീക്കര്‍ക്ക് പുറം തിരിഞ്ഞു നിന്നുള്ള പ്രസംഗം ആണ് രാഹുല്‍ നടത്തിയത്. ന്യായീകരിക്കാന്‍ കഴിയാത്ത പെരുമാറ്റം ആണുണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭ പ്രസംഗം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.

പരാമര്‍ശത്തില്‍ വിശദീകരണം നടത്തുന്നതിന് പകരം മാപ്പ് പറയണം എന്നാണ് ബിജെപി പറയുന്നത്. ഇന്നലെ ലോക്സഭയില്‍ കനത്ത ആക്രമണമാണ് രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തിലൂടെ മോദിക്കെതിരെ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയ രാഹുല്‍ എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും കടന്നാക്രമിച്ചു.

 ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തില്‍നിന്നുമുള്ള ‘ഹിന്ദു’, ‘അഗ്നിവീര്‍’ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കി. ബിജെപിക്കെതിരായും, ആര്‍എസ്എസിനെതിരായുമുള്ള പരാമര്‍ശങ്ങളും നീക്കി.

Tags