‘ഏതു വേഷത്തിൽ കണ്ടാലാണ് നിയന്ത്രണം പോകുക?’ ; ഭാഷയുടെ കാര്യത്തിൽ രാഹുൽ ഈശ്വറിന് ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്ന് ഹണി റോസ്

'In what guise will control go away?'; Honey Rose says that Rahul Eshwar doesn't have control over language when he sees women's clothes
'In what guise will control go away?'; Honey Rose says that Rahul Eshwar doesn't have control over language when he sees women's clothes

കൊച്ചി: വ്യവസായി ബോബി ചെമ്മണൂരി​നെതിരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ച നടി ഹണി റോസ്, ചാനൽ ചർച്ചയിൽ ഇതേക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ രംഗത്ത്. ഭാഷയുടെ കാര്യത്തിൽ രാഹുൽ ഈശ്വറിന് ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് തനിക്ക് മനസ്സിലായതെന്ന് നടി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഇക്കാര്യം ശ്രദ്ധിച്ചു കൊള്ളാമെന്നും ഹണിറോസ് പ്രതികരിച്ചു.

‘തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’ -രാഹുൽ ഈശ്വറിനെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പിൽ നടി ചൂണ്ടിക്കാട്ടി.

ഇക്കാലത്ത് ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ടെന്നും ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ളീല ദ്വയാർത്ഥ കമൻ്റുകളും പ്ലാൻഡ് കാമ്പയിനും മതിയെന്നും ഇന്നലെ ഹണിറോസ് ചൂണ്ടിക്കാട്ടിയിരുന്നു.

‘സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പം നിന്ന് ശക്തമായ ഉറപ്പു നൽകി നടപടി എടുത്ത കേരളസർക്കാരിനെ നയിക്കുന്ന പിണറായി വിജയൻ അദ്ദേഹത്തിനും കേരള പോലീസിനും ഞാനും എൻ്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ലോ ആൻഡ് ഓർഡർ എഡി.ജി.പി മനോജ് എബ്രഹാം, എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, ഡി.സി.പി അശ്വതി ജിജി, എ.സി.പി ജയകുമാർ, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനീഷ് ജോയ്, ബഹുമാനപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കൾ, പൂർണപിന്തുണ നൽകിയ മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, എന്നെ സ്നേഹിക്കുന്നവർ. എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി’ -ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എഴുതിയ കുറിപ്പിൽ നടി പറഞ്ഞു.

Tags