ഭിന്നശേഷി ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു


ഭിന്നശേഷിക്കാർക്കായി സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് പുറത്തിറക്കിയ രണ്ട് ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രകാശനം ചെയ്തു. ഭിന്നശേഷി അവകാശ നിയമത്തിലെ പ്രസക്ത വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ തയാറാക്കിയത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അവർക്കായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പൊതുസമൂഹത്തിലെത്തിക്കുവാൻ ഹ്രസ്വചിത്രങ്ങൾ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. 3 മിനിട്ട് ദൈർഘ്യമുള്ള രണ്ട് ഹ്രസ്വചിത്രങ്ങളുടെ നിർമ്മാണം കെ.എസ്.എഫ്.ഡി.സിയാണ്.
ഭിന്നശേഷി അവകാശ നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഭിന്നശേഷിക്കാർക്ക് സൗജന്യമായി സ്വയം തൊഴിൽ പരിശീലനം, കുറഞ്ഞ നിരക്കിൽ സ്വയം തൊഴിൽവായ്പ ലഭ്യമാക്കൽ, സെക്ഷൻ 37 പ്രകാരം സർക്കാർ നടപ്പിലാക്കുന്ന ഭവനനിർമ്മാണ പദ്ധതികളിൽ ഭിന്നശേഷിക്കാർക്കുള്ള അഞ്ച് ശതമാനം സംവരണം എന്നിവയാണ് ഹ്രസ്വചിത്രങ്ങളുടെ പ്രമേയം.സിനിമ തിയേറ്ററുകളിലും സാമൂഹ്യനീതി വകുപ്പിന്റെ പരിശീലന പരിപാടികൾ ഉൾപ്പെടെയുള്ള സർക്കാർ പരിപാടികളിലും ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.