പിഎസ്‌സി കോഴ വിവാദം: പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഐഎം ടൗണ്‍ ഏരിയാ കമ്മിറ്റി

cpm

പിഎസ്‌സി കോഴ വിവാദത്തില്‍ ആരോപണവിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഐഎം ടൗണ്‍ ഏരിയാ കമ്മിറ്റി. ഏരിയ കമ്മറ്റിയോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം യുവ നേതാവ് പ്രമോദ് കോട്ടൂളിക്കെതിരായിരുന്നു. 21 അംഗ ഏരിയ കമ്മറ്റിയില്‍ യോഗത്തില്‍ പങ്കെടുത്ത 18ല്‍ 14 പേരും പ്രമോദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. അന്വേഷണം നടത്തി തീരുമാനം അറിയിക്കാമെന്ന് ജില്ലാ സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ബന്ധം, ജീവിത ശൈലിയില്‍ പെട്ടെന്നുണ്ടായ മാറ്റം, ലോണ്‍ തരപ്പെടുത്താന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണം ഉള്‍പ്പെടെ പ്രമോദിനെതിരായ മുന്‍ പരാതികള്‍ അംഗങ്ങള്‍ യോഗത്തില്‍ ഉയര്‍ത്തി. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നയാളെ പുറത്താക്കണമെന്ന് 14 അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നാലുപേര്‍ പ്രമോദിനെ അനുകൂലിച്ചു. ആകെയുള്ള 21 അംഗങ്ങളില്‍ മൂന്ന് പേര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
അതേസമയം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പരാതി കിട്ടിയിട്ടും ഇടപെടല്‍ നടത്താത്ത ജില്ലാ കമ്മറ്റിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിഷയം വാര്‍ത്തയായതോടെ ആരോപണത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയറ്റിന് നിര്‍ദേശം നല്‍കി കഴിഞ്ഞു. 

Tags