അരലക്ഷം കന്നുകാലികൾക്ക്‌ പരിരക്ഷ

insurance
insurance

സംസ്ഥാന ഇൻഷൂറൻസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷൂറൻസ്‌ പദ്ധതി നടപ്പാക്കുന്നു . മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ്‌ ഇന്ത്യ ഇൻഷൂറൻസ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ധാരണാപത്രം ബുധനാഴ്‌ച ഒപ്പിടും. പകൽ 11ന്‌ സെക്രട്ടറിയറ്റിൽ ധനകാര്യ മന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി എന്നിവരും പങ്കെടുക്കും.

ആദ്യഘട്ടത്തിൽ അമ്പതിനായിരം കന്നുകാലികൾക്കാണ്‌ ഇൻഷൂറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്നത്‌. ഈ വർഷത്തിനുള്ളിൽ ഒരുലക്ഷം കന്നുകാലികൾക്കെങ്കിലും ഇൻഷൂറൻസ്‌ പരിരക്ഷ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഇൻഷൂറൻസ് വകുപ്പുമായി ചേർന്ന് കന്നുകാലി ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുന്നത്.

65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികള്‍ക്കാണ്‌ ഇൻഷൂറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്നത്‌. പൊതുവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക്‌ 50 ശതമാനവും, പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക്‌ 70 ശതമാനവും പ്രീമിയം തുക സര്‍ക്കാര്‍ സബ്സിഡി നൽകും. യുണൈറ്റഡ്‌ ഇൻഷൂറൻസ്‌ കമ്പിനി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഒരുവര്‍ഷ ഇന്‍ഷൂറന്‍സ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക. മൂന്ന് വർഷത്തേക്ക് ഇൻഷൂർ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്‌.

Tags