മന്‍ കി ബാത്തില്‍ അട്ടപ്പാടിയിലെ കാര്‍ത്തുമ്പി കുടയെ പ്രശംസിച്ച് പ്രധാനമന്ത്രി

karthumbi

ന്യൂഡൽഹി: അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ നിര്‍മ്മിക്കുന്ന കാർത്തുമ്പി കുടയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലായിരുന്നു കാര്‍ത്തുമ്പി കുടയെക്കുറിച്ച് പരാമർശിച്ചത്. ആദിവാസി സഹോദരിമാർ നിർമിക്കുന്ന ഈ കുടകൾക്ക് ആവശ്യക്കാർ ഏറുന്നു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

'ഇന്ന് മന്‍ കി ബാത്തില്‍ പ്രത്യേകതരം കുടയെപ്പറ്റിയാണ് പറയാന്‍ പോകുന്നത്. ഈ കുടകള്‍ നമ്മുടെ കേരളത്തിലാണ് ഉണ്ടാക്കുന്നത്. കുടകള്‍ക്ക് കേരളത്തിന്റെ സംസ്‌കാരത്തില്‍ സവിശേഷമായ പ്രധാന്യമുണ്ട്. കേരളത്തിന്റെ പാരമ്പര്യത്തിലും ആചാരങ്ങളിലും കുടകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷെ ഞാന്‍ അട്ടപ്പാടിയില്‍ ഉണ്ടാക്കുന്ന പ്രത്യേകതരം കാര്‍ത്തുമ്പി കുടകളെക്കുറിച്ചാണ് പറയുന്നത്. ഈ കുടകള്‍ ഉണ്ടാക്കുന്നത് കേരളത്തിലെ ഗോത്രവര്‍ഗ്ഗ സഹോദരിമാരാണ്. ഇന്ന് രാജ്യത്തെമ്പാടും ഈ കുടകള്‍ക്ക് ആവശ്യക്കാര്‍ കൂടിവരികയാണ്. അവ ഓണ്‍ലൈനായും വില്‍ക്കുന്നുണ്ട്. വട്ടലക്കി കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിക്കാണ് കുടകളുടെ നിര്‍മ്മാണ മേല്‍നോട്ടം. ഈ സൊസൈറ്റി നയിക്കുന്നത് സ്ത്രീകളാണ്' എന്നായിരുന്നു മോദി പറഞ്ഞത് .

പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 2015 ലാണ് ആദിവാസി ഊരുകളിലെ സ്ത്രീകള്‍ക്കിടയില്‍ കുട നിര്‍മാണ പരിശീലനം ആരംഭിച്ചത്. അട്ടപ്പാടിയിലെ പട്ടിണിക്ക് അറുതി വരുത്താനായിരുന്നു പരിശീലനം. ആദിവാസി കൂട്ടായ്മയായ തമ്പിന്റെ നേതൃത്വത്തിലാണ് കുട നിർമിക്കുന്നതും പരിശീലനം നൽകുന്നതും. വിവിധ ഊരുകളിലായി ആരംഭിച്ച കുട നിര്‍മാണ യൂണിറ്റുകള്‍ അട്ടപ്പാടി ഐടിഡിപി (ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെന്റ് പ്രോജക്ട്) ഓഫിസിന്റെ സഹകരണത്തോടെ സൗകര്യപ്രദമായ രീതിയില്‍ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരികയായിരുന്നു. 

ആദ്യം ആയിരം കുടയാണ് വർഷത്തിൽ നിര്‍മിച്ചിരുന്നത്. ഇപ്പോൾ 70,000 കുടവരെ നിർമിക്കുന്നുണ്ട്. ഒരു കുടയ്ക്ക് 350 രൂപയാണ് വില. ഇൻഫോപാർക്ക്, കെആർഎൽ പോലുള്ള സ്ഥാപനങ്ങളിലെ സംഘടനകളുമായും സൊസൈറ്റികളുമായും സഹകരിച്ചാണ് വിൽപ്പന. എസ്‌സി, എസ്ടി വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിലും കുട വിൽക്കുന്നുണ്ട്. ഒരു കുടയ്ക്ക് 50 രൂപയാണ് ജീവനക്കാരുടെ പ്രതിഫലം. വിവിധ ഊരുകളിലുള്ള 35 പേർ ജോലി ചെയ്യുന്നു. 360 പേർക്ക് പരിശീലനം നൽകി. രണ്ടുകോടിയോളംരൂപയുടെ വാർഷിക വിൽപ്പനയുണ്ട്. തമ്പ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകുന്നത്.