നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ദിവ്യക്ക് വീഴ്ച പറ്റി, ഇ.പി ജയരാജന്റെ നടപടി തെരഞ്ഞടുപ്പ് സമയത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കി ; കോഴിക്കോട് ജില്ല സമ്മേളനത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി


ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി ഈ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് : കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം കോഴിക്കോട് ജില്ല സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ദിവ്യക്കെതിരായ നടപടി മാധ്യമവാർത്തകൾക്ക് അനുസരിച്ചാണെന്ന പ്രതിനിധികളുടെ വിമർശനത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ദിവ്യക്കെതിരായ നടപടി ശരിയായ രീതിയിൽ തന്നെയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി ഈ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്മേളന ചർച്ചയിൽ ഇ.പി ജയരാജനെതിരെയും വിമർശനമുണ്ടായി. ജയരാജന്റെ നടപടി തെരഞ്ഞടുപ്പ് സമയത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ഇ.പിയുടെ വീഴ്ചയിൽ തിരുത്തൽ നടപടിയും പാർട്ടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി ജില്ല സമ്മേളനത്തിൽ വ്യക്തമാക്കി.