'പി പി ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മും മുഖ്യമന്ത്രിയും ഈ കേസിൽ കുറ്റക്കാർ' : കെ സുധാകരൻ

k sudhakaran
k sudhakaran

കോഴിക്കോട്  : എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ച കോടതി നടപടി പ്രതീക്ഷിച്ചതാണെന്നും വിധി സ്വാഗതാർഹമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

എ ഡിഎമ്മിന്റെ മരണത്തിൽ നീതിപൂർവ്വമായ അന്വേഷണം നടന്നിട്ടില്ല. അത് ചരിത്രത്തിലെ വലിയ നഗ്നമായ നിയമലംഘനമാണ്.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായി പി പി ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്.

പോലീസ് അന്വേഷണം ശരിയായ രീതിയിൽ പോകുമെന്ന് കരുതുന്നുമില്ല .കാരണം അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നവർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. അതിനാലാണ് ആത്മഹത്യാപ്രേരണത്തിന് കേസ് എടുത്തിട്ട് പതിമൂന്ന് ദിവസം വരെ പി പി ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്.

കോടതിവിധി തിരിച്ചടി ആയപ്പോൾ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായി. ദിവ്യയ്ക്ക് കീഴടങ്ങാൻ സർക്കാർ അവസരം ഒരുക്കി.  എങ്കിലും അവർക്ക് എല്ലാ സഹായവും നൽകാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും കുറ്റാരോപിതയായ പി പി ദിവ്യയെ സംരക്ഷിക്കുകയുമാണ് സിപിഎം . എഡിഎമ്മിന്റെ മരണത്തിനു ഉത്തരവാദിയായ പി പി ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മും സർക്കാരും ഈ കേസിൽ കുറ്റക്കാരാണെന്നും കെ സുധാകരൻ പറഞ്ഞു.

എഡിഎമ്മിന്റെ പ്രവർത്തനത്തെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. എന്നാൽ എഡിഎം ആത്മഹത്യ ചെയ്തിട്ട്   ഒരാഴ്ച കഴിഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു സിപിഎം കുടുംബത്തിനാണ് ഇതുപോലൊരു ദുരവസ്ഥ ഉണ്ടായത് . എന്നിട്ട് പോലും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അതുകൊണ്ടുതന്നെ ഈ കേസ് പോലീസ് അന്വേഷിച്ചാൽ എഡി എമ്മിന്റെ കുടുംബത്തിന് നീതികിട്ടില്ല.  

പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്ത് നിരവധി നിർമ്മാണ പ്രവർത്തനം നടത്തിയിട്ടുണ്ട്.  അതിൽ നിന്നെല്ലാം അവിഹിതമായി കിട്ടേണ്ടത് വാങ്ങിയിട്ടുണ്ട്.  

ഇപ്പോൾ പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ട ഇടപാടിലും ഒരു വിഹിതം അവർക്ക് ഉണ്ടായിരുന്നതായാണ് എന്നാണ് ലഭ്യമായ വിവരം. ആ വിഹിതം കിട്ടാത്തതാണ് പി പി ദിവ്യയെ ക്ഷുഭിതയാക്കിയത്. അതാണ് എഡിഎമ്മിനെതിരെ പി പി ദിവ്യ തിരിയാനുള്ള വികാരമെന്നും അതല്ലാതെ പ്രശാന്തിന്റെ പെട്രോൾ പമ്പിന് എൻഒസി കിട്ടാൻ വൈകിയതല്ലെന്നും  കെ സുധാകരൻ എംപി പറഞ്ഞു.

Tags