പി.പി ദിവ്യ ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റെന്ന് സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനപ്രവർത്തന റിപ്പോർട്ടിൽ വിമർശനം


കണ്ണൂർ: തളിപ്പറമ്പിൽ നടന്നു വരുന്ന സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിലുള്ള ഗ്രൂപ്പ് ചർച്ചയ്ക്കു ശേഷം പൊതു ചർച്ച തുടങ്ങി.പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ചയിൽ നേതാക്കളെ സംബന്ധിച്ചുള്ള വിലയിരുത്തലിൽ കണ്ണൂർ എ . ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കടന്നുവന്നു. ഈ വിഷയത്തിൽ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി.പി ദിവ്യ ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ നവീൻ ബാബുവിൻ്റെ മരണം പാർട്ടിക്കെതിരെ തിരിക്കാൻ ചില വലതുപക്ഷ മാധ്യമങ്ങൾ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തി. ഇതോടെയാണ് കുടുംബത്തിന് പിൻതുണ പ്രഖ്യാപിച്ചു പി.പി ദിവ്യയെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഭരണപരമായ പദവികളിൽ ഒഴിവാക്കിയത്. ഈ വിഷയത്തിൽ പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ് നിന്നത്.
തുടക്കത്തിലെ പാർട്ടിയുടെ സ്റ്റാൻഡ് അതായിരുന്നു അതുകൊണ്ടാണ് നവീൻ ബാബുവിൻ്റെ മൃതദേഹത്തോടൊപ്പം കാറിൽ പാർട്ടി നേതാക്കൾ പത്തനംതിട്ടയിലേക്ക് അനുഗമിച്ചതെന്ന് എം.വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലെ പതിനെട്ടാം പേജിൽ പറയുന്നു.