തിരക്ക് നിയന്ത്രിക്കാനായി പൂജാ സമയം മാറ്റാനാകില്ല; തന്ത്രിക്കും ഗുരുവായൂർ ഭരണസമിതിക്കും വിമർശനവുമായി സുപ്രീം കോടതി

guruvayoor temple
guruvayoor temple

ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയ നടപടിയെ വിമർശിച്ച് സുപ്രീം കോ
ടതി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ പേരിൽ ആരാധന മൂർത്തിയുടെ അവകാശങ്ങൾ നിഷേധിക്കാൻ ആകില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിന് എതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കും, തന്ത്രിക്കും നോട്ടീസ് അയച്ചു.

ആചാരങ്ങൾ മാറ്റുന്നത് ദൈവഹിതത്തിന് എതിരാകുമെന്ന് ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മാരായ ജെ കെ മഹേശ്വരി, രാജേഷ് ബിന്ദാൽ എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. അഷ്ടമംഗല്യ പ്രശ്നത്തിന് ശേഷമേ ഗുരുവായൂരിലെ പൂജകളിൽ മാറ്റം കൊണ്ട് വരാൻ സാധിക്കുകയുള്ളു എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി എസ് വൈദ്യനാഥൻ ചൂണ്ടിക്കാട്ടി. എന്നാൽ അഷ്ടമംഗല്യ പ്രശ്നം നടത്തത്തെയാണ് നിലവിൽ വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താൻ തീരുമാനിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ തന്ത്രിയുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷമാണ് ഉദയാസ്തമയ പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയത് എന്ന് ഗുരുവായൂർ ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. തന്ത്രിക്ക് ഏകപക്ഷീയമായി ഇത്തരം തീരുമാനം എടുക്കാൻ കഴിയുമോയെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ജെ കെ മഹേശ്വരി ആരാഞ്ഞു. ഭരണസമിതി തന്ത്രിയുടെ പക്ഷം ചേരുകയാണോ എന്നും സുപ്രീം കോടതി ആരാഞ്ഞു. ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജകൾ ആരാധന മൂർത്തിയുടെ അവകാശം ആണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Tags