
ആലപ്പുഴ : പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവായ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്.ആലപ്പുഴ മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഒ റെനീസിനെതിരെയാണ് നടപടി.നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെന്ഷന്. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലപ്പുഴ കുന്നുംപുറത്തുള്ള എആര്‍ ക്യാമ്ബിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത്. കൊല്ലം കുണ്ടറ സ്വദേശിനി നജ്ല (28), മക്കളായ ടിപ്പു സുല്‍ത്താന്‍ (അഞ്ച്), മലാല ( ഒന്നര) എന്നിവരാണ് മരിച്ചത്.മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും ടിപ്പു സുല്ത്തിനെ കഴുത്തില്‍ ഷാള്‍ മുറുക്കിയും ആയിരുന്നു കൊലപ്പെടുത്തിയത്. ശേഷം നജ്ല ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
എട്ട് വര്‍ഷം മുമ്പായിരുന്നു നജ്ലയുടെയും റെനീസിന്റെയും വിവാഹം. വിവാഹത്തിന് 40 പവന് സ്വര്‍ണവും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും നജ്ലയുടെ വീട്ടുകാര്‍ റെനീസിനു നല്‍കിയിരുന്നു. എന്നാല്‍ റെനീസ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. പലതവണ നജ്ലയെ വീട്ടിലേക്ക് തിരിച്ചയച്ച സാഹചര്യം ഉണ്ടായി. തുടര്‍ന്ന് സമ്മര്‍ദത്തിലായ കുടുംബം പലപ്പോഴായി റെനീസിന് 20 ലക്ഷം രൂപ കൊടുത്തു.
മൊബൈല്‍ ഉപയോഗിക്കാന്‍ നജ്ലയെ വിലക്കിയ റെനീസ്, പുറത്തുപോകുമ്ബോള്‍ ഭാര്യയെ പൂട്ടിയിടുന്നതും പതിവായിരുന്നു. ഇയാള്‍ പല സ്ത്രീകളുമായും ബന്ധം പുലര്‍ത്തിയിരുന്നതായും ആരോപണമുണ്ട്. ബന്ധുവിനെ കല്യാണം കഴിക്കാന്‍ തയാറെടുത്ത റെനീസ് ഇതു പറഞ്ഞ് നജ്ലയെ ഉപദ്രവിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.