സന്നിധാനത്തുള്ള പോലീസ് ഉദ്യോഗസ്ഥർക്കു സി.പി.ആർ. നൽകുന്നതിൽ പരിശീലനം നൽകി
ശബരിമല: ഹൃദയാഘാതമുണ്ടാകുന്നവർക്കു നൽകുന്ന അടിയന്തരചികിത്സയായ സി.പി.ആർ. നൽകുന്നതിന് സന്നിധാനത്തു ഡ്യൂട്ടിയിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. സന്നിധാനത്തെ മെഡിക്കൽ ഓഫീസറും കോഴഞ്ചേരി ജനറൽ ആശുപത്രിയിലെ അനസ്തീഷ്യോയോളജിസ്റ്റുമായ ഡോക്ടർ ബബിൽരാജ്, സന്നിധാനത്തു മെഡിക്കൽ ഡ്യൂട്ടിയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ ആനന്ദ് ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ സോപാനത്തു ഡ്യൂട്ടി ചുമതലയുള്ള 20 പോലീസുദ്യോഗസ്ഥർ പങ്കെടുത്തു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണ കുമാർ നിർവഹിച്ചു.
സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്കു അടിയന്തരഘട്ടത്തിൽ സി.പി.ആർ നൽകുന്നതിന്റെ ആവശ്യകത കണക്കിലെടുത്താണ് പരിശീലനം നൽകിയത്. സന്നിധാനത്ത് ചുമതലയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും സി.പി.ആർ. പരിശീലനം നൽകുമെന്നു സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ അറിയിച്ചു.
മലകയറുന്നതിനിടെ ഹൃദയാഘാതമുണ്ടാകുന്നവർക്ക് അടിയന്തര ചികിത്സ നൽകുന്നതിന് വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്. സന്നിധാനത്തേയ്ക്കുള്ള ഇരുവഴികളിലുമുള്ള 17 എമർജെൻസി മെഡിക്കൽ സെന്ററുകളിലെ ജീവനക്കാർ സി.പി.ആർ. നൽകുന്നതിൽ പരിശീലനം നേടിയവരാണ്.
എമർജൻസി മെഡിക്കൽ സെന്ററുകളിൽ ഓട്ടോമാറ്റഡ് എക്‌സ്റ്റേണൽ ഡിഫൈബ്രിലേറ്റർ (എഇഡി) ഉപകരണവും സജ്ജമാക്കിയിട്ടുണ്ട്. എ.ഇ.ഡി. ഘടിപ്പിച്ചാൽ ഹൃദയമിടിപ്പിന്റെ തോത് നിർണയിക്കാനും ഉചിതമായ സമയത്തു ഇലക്ട്രിക് ഷോക്ക് നൽകി ഹൃദയത്തിന്റെ പ്രവർത്തനത്തെ പൂർവസ്ഥതിയിൽ ആക്കുന്നതിനും സഹായകരമാകും.