കടമക്കുടിയില്‍ ദമ്പതികളുടെ ആത്മഹത്യയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

google news
suicide

എറണാകുളം കടമക്കുടിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ആത്മഹത്യ ചെയ്ത ശില്‍പയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു മാനഹാനിയുണ്ടാക്കുന്ന നിലയില്‍ ആപ്പില്‍ നിന്നും സന്ദേശങ്ങള്‍ വന്നുവെന്ന പരാതിയിലും അന്വേഷണം നടക്കുകയാണെന്ന് എറണാകുളം റൂറല്‍ എസ് പി വ്യക്തമാക്കി.
കടമക്കുടിയില്‍ സാമ്പത്തിക ബാധ്യതയില്‍ നിജോയും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ആപ്പ് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഏത് ആപ്പില്‍ നിന്നുമാണ് വായ്പയെടുത്തെന്ന് കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. നിജോയുടെ ഭാര്യ ശില്‍പയുടെ ഫോണ്‍ പരിശോധിക്കാനും വരാപ്പുഴ പൊലീസിന് കഴിഞ്ഞിട്ടില്ല.ശില്‍പയുടെ ഫോണിലാണ് വായ്പ ഇടപാടുകള്‍ നടന്നത് ഈ ഫോണിലേക്കാണ് സന്ദേശങ്ങളും വരുന്നത്. സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ഉടന്‍ ഫോണ്‍ പരിശോധിക്കും. അന്വേഷണം ശരിയായ ദിശയിലാണെന്ന് എറണാകുളം റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു.

കൂനമ്മാവിലുള്ള ഫെഡറല്‍ ബാങ്ക് ശാഖയിലാണ് ശില്‍പയുടെ അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് പണം വന്നതിന്റെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ നരഹത്യ ചുമത്തിയാണ് കേസ്. ആപ്പിന്റെ വിശദാംശങ്ങള്‍ ലഭിച്ചാല്‍ അവരെ കൂടി പ്രതിചേര്‍ത്താകും അന്വേഷണം. നാലംഗ കുടുംബത്തിന്റെ ആത്മഹത്യക്ക് ശേഷവും ബന്ധുക്കളുടെ ഫോണിലേക്ക് ഭീഷണി സന്ദേശം തുടരുകയാണ്. ശില്‍പയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ വച്ചുള്ള സന്ദേശങ്ങള്‍ എത്തിയതില്‍ സഹോദരനും പരാതി നല്‍കിയിട്ടുണ്ട്. വായ്പ എടുക്കാന്‍ നേരം ആപ്പിലേക്ക് അധിക വിവരങ്ങളുടെ ഭാഗമായി നല്‍കിയ നമ്പരുകളിലേക്കാണ് സന്ദേശം എത്തുന്നത്.കര്‍ത്ത ലോണ്, ഹാപ്പി വാലറ്റ് എന്നീ പേരുകളിലുള്ള ആപ്പില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നത്. 

Tags