പെരിയ ഇരട്ടക്കൊലക്കേസ് ; സി.പി.എമ്മിന്റെ ചോരക്കൊതി രാഷ്ട്രീയം കൂടുതല്‍ വ്യക്തമാക്കുന്ന വിധിയെന്ന് കെ.എം ഷാജി

km shaji
km shaji

കോഴിക്കോട് : സി.പി.എം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ തനി സ്വരൂപം മാലോകര്‍ക്ക് കൂടുതല്‍ വ്യക്തമാകുന്ന കോടതി വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിലുണ്ടായതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍ സംഭവങ്ങളുടെ തുടര്‍ച്ചയായി സമാനമായി നടന്ന സംഭവമാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ കൃപേഷിന്റിന്റെയും ശരത്‌ലാലിന്റെയും അരുംകൊല. നാട്ടിലെ പ്രിയപ്പെട്ടവരായ പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായ രണ്ടു ചെറുപ്പക്കാരെ വെട്ടിനുറുക്കി കൊന്നത് ഏതെങ്കിലും സംഘര്‍ഷത്തിലെ കയ്യബദ്ധം അല്ലായിരുന്നു.

 സി.പി.എം ഉന്നത നേതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകര കൃത്യത്തെ തേച്ച് മായ്ച്ച് കളയാനും കേസ്സ് അട്ടിമറിക്കാനും സി.പി.എം ഭരണം തന്നെ ദുരുപയോഗം ചെയ്തു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി സി.ബി.ഐ വരുന്നത് പോലും തടയിട്ടെങ്കിലും സി.പി.എം മുന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കളെ ശിക്ഷിച്ചതോടെ എല്ലാവര്‍ക്കും കാര്യം ബോധ്യപ്പെട്ടു. സി.പി.എമ്മിന്റെ ചോരക്കൊതിയുടെ ഇരകളായിപ്പോയ സാധാരണ പ്രവര്‍ത്തകര്‍ക്ക് കൂടി കണ്ണു തുറക്കാനുള്ള വിധികൂടിയാണിത്.

സി.പി.എം നേതാക്കളുടെ മക്കള്‍ കൊല്ലപ്പെടുകയോ കൊലകേസില്‍ പ്രതിയാകുകയോ ചെയ്യുന്നില്ല. അവരാരും മരിക്കണമെന്നല്ല, സാധാരണ പ്രവര്‍ത്തകരുടെ കയ്യില്‍ കഠാരവെച്ചുകൊടുക്കുമ്പോള്‍ സ്വന്തം മക്കളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നതാണ് സി.പി.എം രീതി. പെരിയ ഇരട്ടക്കൊലയില്‍ മാത്രമല്ല, അരിയില്‍ ഷുക്കൂര്‍ കൊലക്കേസിലും സി.പി.എം ഉന്നത നേതാവായ പി ജയരാജനും എം.എല്‍.എയുമെല്ലാം പ്രതികളാണ്. അവരെ ഒഴിവാക്കാനുളള വിടുതല്‍ ഹര്‍ജി തളളിയ കോടതി വിചാരണ ആരംഭിക്കാനിരിക്കുന്നു.

എതിരാളികളെ മാര്‍ക്ക് ചെയ്ത് അരുംകൊല നടത്തി വാടക ഏതാനും പേരെ കൈമാറി ആ പ്രതികളുടെയും അവരുടെ കുടുംബത്തിന്റെയും വിവാഹവും മറ്റാവശ്യങ്ങളുമെല്ലാം പാര്‍ട്ടി ഏറ്റെടുത്ത് നടത്തുന്നതായിരുന്നു സി.പി.എം രീതി. ഷുക്കൂര്‍ കേസിലേതുപോലെ പെരിയ കേസിലും സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമായി ശിക്ഷിക്കപ്പെടുമ്പോള്‍ അതില്‍ വലിയ ആശ്വാസമുണ്ട്. കൊലക്കത്തി താഴെവെക്കാന്‍ സി.പി.എമ്മിന് ഇതുമൂലം കഴിയുമെങ്കില്‍ ഏറെ നല്ലതാണെന്നും കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു.

Tags