പെരിയ ഇരട്ടക്കൊലക്കേസ് : 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, മുൻ എം.എൽ.എ കുഞ്ഞിരാമന് അഞ്ചുവർഷം തടവ്

Periya double murder case: 10 accused get double life imprisonment, former MLA Kunhiraman gets five years in prison
Periya double murder case: 10 accused get double life imprisonment, former MLA Kunhiraman gets five years in prison

കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പ​ങ്കെടുത്ത സി.പി.എം പ്രവർത്തകരായ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും ഗൂഡാലോചനയിൽ പ​ങ്കെടുത്ത 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.വി. കുഞ്ഞിരാമൻ അടക്കം മറ്റു നാലുപേർക്ക് 5വർഷം തടവുശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.

കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് 2024 ഡിസംബർ 28ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തിൽ സി.പി.എം ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരാണ് കുറ്റക്കാർ. ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി.

വിചാരണ നേരിട്ട 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ഒന്നാം പ്രതിയും പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എ. പീതാംബരൻ, രണ്ടാം പ്രതി പീതാംബരന്‍റെ സഹായി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനിൽകുമാർ, അഞ്ചാം പ്രതി ജിജിൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിൻ, എട്ടാം പ്രതി സുബിൻ, 10ാം പ്രതി ടി. രഞ്ജിത്, 15ാം പ്രതി വിഷ്ണു സുര, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ കുറ്റക്കാരായി കണ്ടെത്തിയത്. കെ. മണികണ്ഠൻ 14ാം പ്രതിയും രാഘവൻ വെളുത്തോളി 21ാം പ്രതിയുമാണ്. കേസിലെ രണ്ടാംപ്രതിയെ സ്റ്റേഷനിൽനിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയ കുറ്റമാണ് 20ാം പ്രതിയായ മുൻ എം.എൽ.എ കുഞ്ഞിരാമനെതിരെ തെളിഞ്ഞത്.

ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾക്ക് വിചാരണ നേരിട്ട മുരളി, കുട്ടൻ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, ശാസ്ത മധു എന്ന എ. മധു, റജി വർഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാർ, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

Tags