സംസ്ഥാനത്ത് ഇതാദ്യം ;വാർധക്യത്തിൽ ഒറ്റപ്പെടുന്നവർക്കായി സമപ്രായക്കാരുടെ സംസാരക്കൂട്ടം
ആലപ്പുഴ: വാർധക്യത്തിൽ ഒറ്റപ്പെടുന്നവർക്കായി സമപ്രായക്കാർക്ക് ഒരു കൈതാങ് . ‘ടോക്കിങ് പാർലർ’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സൗഹൃദവും ബാല്യകാല സ്മരണകളും പങ്കുവെക്കുന്നതിനൊപ്പം പുതിയ സൗഹൃദം തേടുകയുമാകാം. വയോജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനായി കോവിഡ് കാലത്തുണ്ടാക്കിയ ഹെൽത്തി എയ്ജിങ് മൂവ്മെന്റാണ് ആശയത്തിനു പിന്നിൽ.
വിദേശങ്ങളിൽ ടോക്കിങ് പാർലറുകളുണ്ട്. വയോജനങ്ങൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും ഒരിടത്ത് ഒത്തുകൂടും. ഇഷ്ടവിഷയം ചർച്ചചെയ്യും, ഓർമ്മകൾ പങ്കുവെക്കും.
മക്കൾ വിദേശത്തോ ജോലിയുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലോ താമസമാക്കുന്നതോടെ വീട്ടിൽ മാതാപിതാക്കൾ മാത്രമാകാറുണ്ട്. ഇവരിലൊരാൾ മരിച്ചാൽ മറ്റെയാൾ തനിച്ചാകും. അങ്ങനെയുള്ളവരെ വീടുകളിൽനിന്നു പുറത്തേക്കു കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സംഘടനയുടെ രക്ഷാധികാരിയും കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. ബി. പദ്മകുമാറും സാമൂഹിക പ്രവർത്തകനും കോഡിനേറ്ററുമായ ചന്ദ്രദാസ് കേശവപിള്ളയും പറഞ്ഞു.